ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒരു കുടുംബത്തിന് 1000 രൂപവീതം സഹായധനം നൽകുമെന്ന് തമിഴ്നാട് സർക്കാർ. ഇതുൾപ്പെടെ 3280 കോടി രൂപയുടെ കൊറോണ ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചത്. രോഗവ്യാപനം തടയുന്നതിന്റെഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ദുരിതാശ്വാസപദ്ധതിയെക്കുറിച്ച് നിയമസഭയിൽ പറഞ്ഞത്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഏപ്രിലിലെ റേഷൻസാധനങ്ങൾ സൗജന്യമായി നൽകാനും തീരുമാനിച്ചു. സർക്കാർ ഡോക്ടർമാരുൾപ്പെടെ കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു മാസത്തെ ശമ്പളം അധികമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
റേഷൻ കാർഡുടമകൾക്ക് 1000 രൂപ വീതം എന്നനിലയിലായിരിക്കും ഒാരോ കുടുംബത്തിനുമുള്ള പണം വിതരണംചെയ്യുന്നത്. നിരോധനാജ്ഞ നടപ്പിൽവരുന്നതോടെ വരുമാനത്തെ ബാധിക്കുന്ന തെരുവുകച്ചവടക്കാർ, ഓട്ടോറിക്ഷ- ടാക്സി ഡ്രൈവർമാർ, നിർമാണത്തൊഴിലാളികൾ, മറ്റ് ദിവസവേതന തൊഴിലാളികൾ എന്നിവർക്ക് റേഷൻ കാർഡ് അടിസ്ഥാനത്തിൽ നൽകുന്ന സഹായംകൂടാതെ 1000 രൂപ അധികമായി നൽകും.