ന്യൂഡൽഹി: കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടമായ രാജ്യത്തെ നിർമാണത്തൊഴിലാളികൾക്ക് അടിയന്തരമായി വേതന പിന്തുണ നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും വെവ്വേറെ അയച്ച കത്തുകളിലാണ് സോണിയയുടെ നിർദേശം. രാജ്യത്തെ അനൗപചാരിക മേഖലയിൽ കൊറോണബാധ കടുത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാം ഏറ്റവും വലിയ തൊഴിൽമേഖലയായ നിർമാണരംഗത്ത് 4.4 കോടി തൊഴിലാളികളുണ്ട്.
നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡുകൾ 2019 മാർച്ച് 31 വരെ മാത്രം 49,688.07 കോടി രൂപയാണ് ഇവരിൽനിന്ന് പിരിച്ചത്. എന്നാൽ, അവർക്കായി ചെലവഴിച്ചതാകട്ടെ 19,379.92 കോടി മാത്രവും. അതിനാൽ തൊഴിലാളികൾക്ക് വേതന പിന്തുണ നൽകാൻ സംസ്ഥാനങ്ങളിലെ നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡുകൾക്ക് നിർദേശം നൽകണമെന്ന് സോണിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദീർഘകാലത്തെ സാമ്പത്തികമാന്ദ്യം മുന്നിൽക്കണ്ട് രാജ്യത്തെ വിവിധ നഗരങ്ങളിൽനിന്ന് ലക്ഷക്കണക്കിന് നിർമാണത്തൊഴിലാളികൾ തങ്ങളുടെ ഗ്രാമങ്ങളിലേക്കും സ്വദേശത്തേക്കും മടങ്ങിയതായും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിനെതിരേ രാഹുൽ ഗാന്ധി
: കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധ നടപടികളിൽ കേന്ദ്ര സർക്കാർ അലംഭാവം കാട്ടിയതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എൻ-95 മുഖാവരണങ്ങളും കൈയുറകളും സമയത്തിന് ലഭിക്കാത്തതിനാൽ ‘ഇനിയവ എന്റെ ശവക്കുഴിയിലേക്കയച്ചേക്കൂ’ എന്ന ഹരിയാണയിലെ റോത്തക്കിലുള്ള ഡോക്ടർ കാംന കക്കറിന്റെ ട്വിറ്റർ സന്ദേശത്തെത്തുടർന്നാണ് രാഹുലിന്റെ വിമർശം. തയ്യാറെടുപ്പുകൾ നടത്താൻ ധാരാളം സമയം ലഭിച്ചിട്ടും കൃത്യമായ ഇടപെടലുകൾ നടത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.