മുംബൈ: ഓഫീസുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഔദ്യോഗികാവശ്യങ്ങൾക്ക് മൊബൈൽഫോൺ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും കഴിയുന്നത്ര ലാൻഡ് ഫോൺ തന്നെ ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും പ്രതിഛായ മോശമാകാതിരിക്കാനുള്ള നിർദേശങ്ങൾ എന്നു പറഞ്ഞാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നതെങ്കിലും പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മൊബൈൽ ഫോണുകൾ ചോർത്തപ്പെടുന്നതിന്റെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടിയാണ് ഇത് എന്നാണ് അറിയുന്നത്. ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ മാത്രമേ ഔദ്യോഗിക കാര്യങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാവൂ എന്നും അപ്പോൾത്തന്നെ സംസാരം പരമാവധി കുറച്ച് മെസ്സേജിങ് ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

വിവേചനമില്ലാത്ത മൊബൈൽ ഫോൺ ഉപയോഗം സർക്കാരിന്റെ പ്രതിഛായയ്ക്കു കോട്ടം വരുത്തുന്നുണ്ടെന്ന് ഉത്തരവ് ചൂണ്ടിക്കാണിക്കുന്നു. ഓഫീസിലിരിക്കുമ്പോൾ മൊബൈൽ ഫോണിൽ വ്യക്തിപരമായ കോളുകൾ വന്നാൽ പുറത്തിറങ്ങിയശേഷമേ അത് എടുക്കാവൂ. എന്നാൽ, ജനപ്രതിനിധികളോ മേലുദ്യോഗസ്ഥരോ വിളിച്ചാൽ എടുക്കാതിരിക്കരുത്. ഫോണിൽ സംസാരിക്കുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കാനും ശബ്ദം പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കണം. ഔദ്യോഗിക യോഗങ്ങളിൽ ഫോൺ നിശബ്ദമാക്കി വെക്കണം, ഓഫീസിൽവെച്ച് സാമൂഹികമാധ്യമങ്ങൾ നോക്കുന്നത് കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങളും ഉത്തരവിലുണ്ട്.