മുംബൈ: രണ്ട് ദിവസമായി അടഞ്ഞുകിടന്ന കൊങ്കൺ പാതയിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ശനിയാഴ്ച പുലർച്ചെ 3.45-നാണ് പാത തുറന്ന് കൊടുത്തത്.

കൊങ്കൺമേഖലയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ ചിപ്ലുൺ, കാംതെ സ്റ്റേഷനുകൾക്കിടയിലുള്ള വാഷിഷ്ഠി നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം വ്യാഴാഴ്ച കാലത്തുമുതൽ നിർത്തിവെച്ചത്. വെള്ളിയാഴ്ച രാത്രിമുതൽ മഴ കുറയുകയും നദിയിലെ വെള്ളം താഴുകയും ചെയ്തതോടെ തീവണ്ടികൾ കടത്തി വിട്ടു. എന്നാൽ വണ്ടികളിൽ പലതും നേരത്തെ ലക്ഷ്യ സ്ഥാനത്ത് എത്താത്തതിനാൽ ശനിയാഴ്ചത്തെ സർവീസുകളിൽ നല്ലൊരുശതമാനവും റദ്ദാക്കുകയുണ്ടായി. നേരത്തെ റദ്ദാക്കിയതായി പ്രഖ്യാപിച്ച വണ്ടികളിൽ പലതും ഞായറാഴ്ചമുതൽ ഓടുമെന്നും റെയിൽവേ അറിയിച്ചു.