ജമ്മു/ഹമിർപുർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ഹിമാചൽ‌പ്രദേശിലെ ഹാമിർപുർ ജില്ലക്കാരനായ കമൽ ദേവ് വൈദ്യയാണ് (27) മരിച്ചത്.

പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിൽ ഡ്യൂട്ടിയിലായിരുന്ന അദ്ദേഹം അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയും അതു പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രതിരോധവക്താവ് പറഞ്ഞു. ഹാമിപുരിലെ ഘുമർവിൻ ഗ്രാമത്തിലെ ജവാന്റെ വീട്ടിൽക്കൂടിയ നാട്ടുകാർ പാകിസ്താൻവിരുദ്ധ മുദ്രാവാക്യം മുഴക്കി. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ, മുൻ മുഖ്യമന്ത്രി പി.കെ. ധുമാർ എന്നിവർ കമൽദേവിന്റെ മരണത്തിൽ അനുശോചിച്ചു.