ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയരംഗത്ത് അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ട് മൂന്നുമന്ത്രിമാർ സ്വകാര്യ റിസോർട്ടിൽ യോഗം ചേർന്നു. അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തിലും വകുപ്പുവിഭജനത്തിലും മന്ത്രിമാർക്കിടയിൽ അതൃപ്തി പുകയുന്നതിനിടെയാണ് യോഗം.
ചിക്കമംഗളൂരിലെ റിസോർട്ടിൽ ജലവിഭവ മന്ത്രി രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിലായിരുന്നു രഹസ്യ ഒത്തുചേരൽ. പുതുതായി മന്ത്രിസഭയിലുൾപ്പെട്ട സി.പി.യോഗേശ്വർ, എക്സൈസ് മന്ത്രി കെ. ഗോപാലയ്യ എന്നിവരും എം.പി. കുമാരസ്വാമി എം.എൽ.എ.യും പങ്കെടുത്തു.
ചിക്കമംഗളൂരുവിലെയും ഹാസനിലെയും വികസനപദ്ധതികൾ ചർച്ചചെയ്യാനാണ് യോഗം ചേർന്നതെന്നാണ് രമേശ് ജാർക്കിഹോളിയുടെ വാദം. അതേസമയം, സംസ്ഥാനത്തെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങൾ ചർച്ചയായെന്നാണ് അഭ്യൂഹം.
ജെ.ഡി.എസ്-കോൺഗ്രസ് കൂട്ടുകക്ഷിസർക്കാരിനെ താഴെയിറക്കാൻ ചരടുവലിയുമായി നിന്ന നേതാക്കളിൽ പ്രധാനിയാണ് രമേശ് ജാർക്കിഹോളി. എം.എൽ.എ.മാരുമായി റിസോർട്ടിലേക്കുപറന്നായിരുന്നു അന്നത്തെ രാഷ്ട്രീയക്കളി. അതിനാൽ ജാർക്കിഹോളിയുടെ നേതൃത്വത്തിൽ നടന്ന ഇപ്പോഴത്തെ റിസോർട്ട് യോഗത്തിന് രാഷ്ട്രീയപ്രാധാന്യമേറെയാണ്.
വകുപ്പുവിഭജനത്തിൽ ചില മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ വീണ്ടും അഴിച്ചുപണി നടത്തിയിരുന്നു. മന്ത്രിമാരുടെ ചുമതലകൾ പരസ്പരം മാറ്റി നൽകി. കഴിഞ്ഞ 13-നാണ് ഏഴു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചത്. തുടർന്ന് മന്ത്രിസ്ഥാനം ലഭിക്കാതെ നിരാശയിലായവർ യെദ്യൂരപ്പയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.