ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ദിശാ രവിക്കൊപ്പം പ്രതിയായ ശന്തനു മുൽക്കിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഡൽഹി പോലീസിന്റെ പ്രതികരണം തേടി കോടതി. ഹർജി പരിഗണിക്കുന്നത് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ വ്യാഴാഴ്ചത്തേക്കു മാറ്റി. അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതിനെത്തുടർന്നാണ് നടപടി. ശന്തനുവിന് 26 വരെ ട്രാൻസിറ്റ് ജാമ്യം ബോംബെ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

കർഷകസമരത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ടൂൾകിറ്റ് നിർമിക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂവെന്നും തന്റെ അറിവില്ലാതെയാണ് മറ്റുള്ളവർ എഡിറ്റ് ചെയ്തതെന്നും ശന്തനു ഹർജിയിൽ വ്യക്തമാക്കി. ടൂൾകിറ്റുമായി ബന്ധപ്പെട്ട് രാജ്യത്തിനു പുറത്തുള്ള ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. രാജ്യത്തിനു പുറത്തുള്ള ആരെങ്കിലുമായി സംസാരിച്ചെന്നു കരുതി കുറ്റക്കാരനാക്കരുതെന്നും ശന്തനു വാദിച്ചു. ടൂൾകിറ്റിൽ നിയമവിരുദ്ധമായി ഒന്നുമില്ല. സാമൂഹികമാധ്യമങ്ങളിലൂടെ കർഷകസമരത്തിന് പിന്തുണ വർധിപ്പിക്കാനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ആശയവിനിമയം നടത്താനും മാത്രം ലക്ഷ്യമിട്ടുള്ളതാണ് ടൂൾ കിറ്റെന്നും ജാമ്യഹർജിയിൽ ശന്തനു പറഞ്ഞു.