ന്യൂഡൽഹി: ഐ.ടി. ഹാർഡ്‌വേർ, മരുന്ന് എന്നിവയുടെ ഉത്പാദനം കൂട്ടാനും ആ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാനുമുള്ള രണ്ടു പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.

ലാപ്‌ടോപ്പ്, ടാബ്‌ലറ്റ്, ഓൾ ഇൻ-വൺ പേഴ്‌സണൽ കംപ്യൂട്ടർ, സർവർ എന്നിവയുടെ നിർമാണത്തിന് നാലുകൊല്ലത്തേക്കാണ് സാമ്പത്തികസഹായം നൽകുക. അഞ്ച് ആഗോള കമ്പനികൾക്കും 10 ഇന്ത്യൻ കമ്പനികൾക്കും പദ്ധതി പ്രയോജനപ്പെടും. 7350 കോടി രൂപയുടെ സഹായം ഹാർഡ്‌വേർ നിർമാതാക്കൾക്ക് വിൽപ്പനയുടെ തോതനുസരിച്ച് ലഭിക്കും. നാലുകൊല്ലംകൊണ്ട് 1,80,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ആകുമ്പോൾ 20 മുതൽ 25 ശതമാനംവരെ ഹാർഡ്‌വേർ കൂടുതലായി നിർമിക്കുമെന്ന് സർക്കാർ വാർത്താകുറിപ്പിൽ പറഞ്ഞു.

മരുന്നുത്‌പാദനം കൂട്ടാനുള്ള പ്രോത്സാഹന പദ്ധതി 2028-29 വരെയാണ് നടപ്പാക്കുക. 2022 മുതൽ 2028 വരെയുള്ള ആറുകൊല്ലത്തിനിടയിൽ 2,94,000 കോടി രൂപയുടെ വിൽപ്പനയും 1,96,000 കോടി രൂപയുടെ കയറ്റുമതിയുമാണ് ലക്ഷ്യമിടുന്നത്. ഉന്നതനിലവാരമുള്ള മരുന്നുകൾ രാജ്യത്ത് ഉത്‌പാദിപ്പിക്കും. 20,000 പേർക്ക് നേരിട്ടും 80,000 പേർക്ക് അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ 15,000 കോടി രൂപ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ നിക്ഷേപം നടത്തും.