മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബി.ജെ.പി. എം.പി.യുമായ പ്രജ്ഞാസിങ് ഠാക്കൂറിനെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന പരാതിയിൽ മഹാരാഷ്ട്ര പോലീസ് മേധാവിക്ക് സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ സമൻസ് അയച്ചു. മൊഴി നൽകുന്നതിന് ഏപ്രിൽ ആറിന് ഹാജരാകാനാണ് ഡി.ജി.പി.യോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മാലേഗാവ് സ്ഫോടനക്കേസിൽ അറസ്റ്റിലായ തന്നെ മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധസേനാംഗങ്ങൾ കസ്റ്റഡിയിൽവെച്ച് ക്രൂരമായി ഉപദ്രവിച്ചെന്ന് ജാമ്യത്തിലിറങ്ങിയശേഷമാണ് പ്രജ്ഞാസിങ് പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ആദിത്യ മിശ്ര എന്ന അഭിഭാഷകൻ പ്രജ്ഞാസിങ്ങിനുവേണ്ടി 2018-ൽ ദേശീയ മനുഷ്യാവകാശകമ്മ‌ിഷന് പരാതി നൽകി. അന്വേഷിക്കണമെന്ന ശുപാർശയോടെ കമ്മിഷൻ അത് മഹാരാഷ്ട്ര മനുഷ്യാവകാശകമ്മിഷന് കൈമാറി. കോവിഡ് പടർന്നതിനെത്തുടർന്നാണ് പരാതിയിൽ തുടർനടപടി വൈകിയതെന്ന് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.

മഹാരാഷ്ട്രയിൽ നാസിക്കിനടുത്തുള്ള മാലേഗാവിൽ ഹമീദിയ പള്ളിക്കടുത്ത് 2008 സെപ്റ്റംബർ 29-ന് രണ്ടുസ്ഫോടനങ്ങളിൽ ആറുപേർ കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ ‘അഭിനവ് ഭാരത്’ എന്ന ഹിന്ദുതീവ്രവാദി സംഘടനയാണെന്നായിരുന്നു മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധസേനയുടെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട പ്രജ്ഞാസിങ് ഒമ്പതുവർഷത്തെ ജയിൽവാസത്തിനുശേഷം 2017 ഏപ്രിലിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

സ്ഫോടനങ്ങൾ ആസൂത്രണംചെയ്തത് താനാണെന്ന് സമ്മതിപ്പിക്കുന്നതിനായി ഭീകരവിരുദ്ധ സേനാംഗങ്ങൾ മാറിമാറി മർദിച്ചെന്ന് പ്രജ്ഞാ സിങ് പിന്നീട് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശകമ്മിഷന് പരാതി നൽകിയത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ. പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ ഏഴുപ്രതികൾക്കുമെതിരേ 2018 ഒക്ടോബറിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇഴഞ്ഞുനീങ്ങുകയാണ്. ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഡിസംബറിലാണ് കേസിന്റെ വാദം പുനരാരംഭിച്ചത്. സുരക്ഷാകാരണങ്ങളും ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തി നേരിട്ട് ഹാജരാകുന്നതിൽനിന്ന് പ്രജ്ഞാസിങ്ങിന് കോടതി ഇളവനുവദിച്ചിട്ടുണ്ട്. കോടതി ആവശ്യപ്പെടുമ്പോഴെല്ലാം എത്തണമെന്ന് മുംബൈയിലെ പ്രത്യേക എൻ.ഐ.എ. കോടതി ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്.