ന്യൂഡൽഹി: 2020 ഒക്ടോബറിൽ സിവിൽ സർവീസസ് പരീക്ഷയുടെ അവസാന അവസരവും പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരവസരംകൂടി നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പ്രായപരിധിയിലും ഇളവ് നൽകില്ല.

കോവിഡ് സാഹചര്യത്തിൽ അവസാന അവസരക്കാർക്ക് ഇളവ് നൽകിയാൽ അത് മറ്റ് ഉദ്യോഗാർഥികളോടുള്ള വിവേചനമാകുമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽകാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും കോവിഡ് കാരണം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

2020 ഒക്ടോബറിലെ പരീക്ഷയ്ക്ക് അവസാന അവസരം ഉപയോഗിച്ചവർക്ക് 2021-ൽ ഒരവസരംകൂടി നൽകുമെന്ന് കേന്ദ്രം നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് ഒറ്റത്തവണത്തേക്ക്‌ മാത്രമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഹർജി സുപ്രീം കോടതി തള്ളിയതോടെ സർക്കാർ എന്ത് തീരുമാനിക്കുമെന്ന് വ്യക്തമല്ല.