അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്തർ തീരത്ത് ഹെറോയിനുമായി പിടിയിലായ ഇറാനിയൻസംഘം ഒന്നരവർഷത്തിനുള്ളിൽ ആയിരം കിലോഗ്രാം മയക്കുമരുന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തി. ഇന്ത്യയിലേക്ക് ആദ്യമായാണ് എത്തിക്കുന്നതെന്നും ഇവർ അന്വേഷകരോട് പറഞ്ഞു. മുന്ദ്ര തുറമുഖത്തേക്ക് കണ്ടെയ്‌നറിൽ ഹെറോയിൻ എത്തിച്ചവരുമായി സംഘത്തിന് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

മുന്ദ്രയിൽ മൂവായിരം കിലോഗ്രാം ഹെറോയിൻ പിടിച്ചതിന് അടുത്തദിവസമാണ് 30 കിലോഗ്രാമുമായി ഇറാനിയൻ ബോട്ട് പിടികൂടിയത്. തീരദേശസേനയുടെയും ഗുജറാത്ത് പോലീസ് ഭീകരവിരുദ്ധസേനയുടെയും സംയുക്ത നീക്കത്തിലാണ് ഏഴുപേരെ അറസ്റ്റുചെയ്തത്. ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്തതുവഴി അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഒന്നരവർഷത്തിനുള്ളിൽ മസ്കറ്റ്, യെമൻ, ടാൻസാനിയ, സാൻസിബാർ എന്നിവിടങ്ങളിലേക്ക് ആയിരം കിലോഗ്രാമോളം ഹെറോയിൻ ഇവർ എത്തിച്ചിട്ടുണ്ട്. വിജയകരമായി ചരക്കെത്തിച്ചാൽ രണ്ടുലക്ഷം സൗദി റിയാലാണ് പ്രതിഫലമെന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് പറഞ്ഞു.

ഇറാനിലെ കൊനാരക് തുറമുഖത്തുനിന്നാണ് ഇവരുടെ ബോട്ട് പുറപ്പെട്ടത്. പാക് കടലതിർത്തിയിൽവെച്ചാണ് ഹെറോയിൻ കൈമാറിയത്. സാറ്റലൈറ്റ് ഫോൺവഴിയാണ് ഉടമകൾ നിർദേശം നൽകിയിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കുള്ളതായിരുന്നു ഹെറോയിനെങ്കിലും പിന്നീട് വഴിമാറ്റാൻ നിർദേശംവന്നു. കൃത്യമായ ലക്ഷ്യം കിട്ടുന്നതുവരെ ഇവർ പുറംകടലിൽ കാത്തുകിടന്നു. ഒടുവിൽ പഞ്ചാബിലേക്ക് എത്തിക്കാനായി ഇന്ത്യൻ തീരത്തേക്കുനീങ്ങാൻ നിർദേശംവന്നു. ഇതിനിടെയാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായത്.

മുന്ദ്രയിലെ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരിൽ നാലുപേർ അഫ്ഗാൻപൗരന്മാരാണ്. പ്രധാന കണ്ണിയായ മറ്റൊരു അഫ്ഗാനി കഴിഞ്ഞ ജൂണിൽ കാബൂളിലേക്ക് മടങ്ങിയതായും വിവരമുണ്ട്. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്ദ്രയിലെ ഹെറോയിൻ കടത്തുമായി ബന്ധപ്പെട്ട് കേസെടുത്തു. ഭുജ് കോടതിയിൽ ഡി.ആർ.ഐ. സമർപ്പിച്ച എഫ്.െഎ.ആറിന്റെ അടിസ്ഥാനത്തിലാണിത്.