ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ചാമരാജ് പേട്ടിലെ രായൻ സർക്കിളിനു സമീപം ചരക്കുലോറി സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഗോഡൗണിനകത്തുണ്ടായിരുന്ന അസ്‌ലം പാഷ(45), മനോഹർ(29) എന്നിവരാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഫയാസ്(50) എന്നയാളുടെ നില ഗുരുതരമാണ്.

നഗരത്തിലെ തിരക്കേറിയ വാണിജ്യകേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് വൻ സ്ഫോടനമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പാർസൽ പെട്ടികളിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടിക്കകത്ത് ഉഗ്രശേഷിയുള്ള പടക്കങ്ങളായിരുന്നെന്നാണ് പ്രാഥമികനിഗമനമെന്നും മറ്റു സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.‌

വൻ ശബ്ദത്തോടെയായിരുന്നു സ്ഫോടനമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഫോടനത്തിന്റെ ശബ്ദമെത്തി. മരിച്ചവരുടെ ശരീരങ്ങൾ ചിതറിത്തെറിച്ചു. സമീപപ്രദേശങ്ങളിലേക്ക് പ്രകമ്പനം ബാധിച്ചു. സമീപത്തെ ടയർ പഞ്ചർ ഷോപ്പിനുമുമ്പിൽ പാർക്ക് ചെയ്തിരുന്ന പത്തിലധികം ബൈക്കുകൾക്ക് കേടുപാടുകളുണ്ടായി. ഭൂമികുലുക്കമാണോയെന്ന് ഭയപ്പെട്ടതായും പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞു.

സ്ഫോടനമുണ്ടായ ഗോഡൗണിനകത്ത് പടക്കങ്ങൾ നിറച്ച 60-ഓളം പെട്ടികൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരീഷ് പാണ്ഡെ പറഞ്ഞു. അനധികൃതമായാണ് ഇവിടെ പടക്കങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചു വെച്ചിരുന്നതെന്ന് കരുതുന്നു. ഗോഡൗണിന്റെ ഉടമയെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. ഫൊറൻസിക് വിദഗ്ധരും പോലീസിന്റെ ഡോഗ് സ്ക്വാഡും തെളിവെടുപ്പിനെത്തി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.