പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സി.ബി.ഐ.ക്കു വിട്ടു. ഇതേത്തുടർന്ന് അഞ്ചംഗ സി.ബി.ഐ. സംഘം അന്വേഷണത്തിനായി പ്രയാഗ് രാജിലെത്തി.

തിങ്കളാഴ്ചയാണ് നരേന്ദ്രഗിരിയെ മഠത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പിറ്റേദിവസം 18 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) അന്വേഷണച്ചുമതല നൽകിയിരുന്നു. ഇതിനുപുറമേയാണ് സി.ബി.ഐ. അന്വേഷണം.

നരേന്ദ്രഗിരിയുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന് അദ്ദേഹം ഹരിദ്വാറിലെ ചില ഭൂമി ഇടപാടുകാരുമായി നിരന്തരം സംസാരിച്ചതിന്റെ തെളിവുലഭിച്ചെന്നും ഇവരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. വ്യക്തമാക്കി. ബാഗംഭാരി മഠത്തിന് ഹരിദ്വാറിൽ ധാരാളം സ്വത്തുക്കളുണ്ട്.

നരേന്ദ്രഗിരിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നെങ്കിലും സംഭവം നടക്കുന്നസമയം സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. ഇവർക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് സർവശ്രേഷ്ഠ ത്രിപാഠി പറഞ്ഞു. മരണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരായ അജയ് സിങ്ങിനും അഭിഷേക് മിശ്രയ്ക്കും പങ്കുണ്ടെന്ന് സംഭവത്തിൽ അറസ്റ്റിലായ നരേന്ദ്ര ഗിരിയുടെ ശിഷ്യൻ ആനന്ദ് ഗിരി ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ വരുമാനത്തിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ആനന്ദ് ഗിരി പറഞ്ഞു.

അതേസമയം, മരണത്തിനു തൊട്ടുപിന്നാലെ എടുത്ത ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ മുറിയിലെത്തുമ്പോൾ ഫാൻ കറങ്ങുന്നതായി വീഡിയോയിൽ കാണാം. എന്നാൽ, ആരാണ് ഫാൻ ഓണാക്കിയതെന്ന് അറിയില്ലെന്നും അബദ്ധവശാൽ ഓണായതാണെന്നുമാണ് മഠത്തിലെ ശിഷ്യൻ പറയുന്നത്.

ആത്മഹത്യാകുറിപ്പ് വ്യാജമാണെന്നും സ്വത്തിനുവേണ്ടി നടത്തിയ കൊലപാതകം മറയ്ക്കാൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നരേന്ദ്രഗിരി മുഖ്യകാർമികത്വം വഹിച്ചിരുന്ന നിരഞ്ജനി അഖാഡയിലെ ആചാര്യ മഹാ മണ്ഡലേശ്വർ, ആചാര്യ കൈലാശാനന്ദ് ഗിരി എന്നിവർ പറഞ്ഞു,

ആനന്ദ് ഗിരിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

നരേന്ദ്രഗിരിയുടെ മരണത്തിൽ പ്രതിചേർത്ത് അറസ്റ്റിലായ ശിഷ്യൻ ആനന്ദ് ഗിരിയെ യുവഭാരത് സാധുസമാജത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കംചെയ്തു.

സമാജത്തിന്റെ യോഗത്തിലാണ് ആനന്ദ് ഗിരിയെ നീക്കംചെയ്യാൻ തീരുമാനിച്ചതെന്ന് യുവഭാരത് സാധുസമാജം അംഗം ലോകേഷ്ദാസ് മഹാരാജ് പറഞ്ഞു.