ചെന്നൈ: 14 വർഷമായി ഒരേവിലയിൽ തുടരുന്ന തീപ്പെട്ടിക്ക്‌ ഡിസംബർ മുതൽ വില രണ്ടുരൂപയായി ഉയരും. ഇപ്പോൾ ഒരുരൂപയാണ്.

ഉത്‌പാദനച്ചെലവിലെ കുത്തനെയുള്ള വർധന കാരണമാണ് വില ഉയർത്തുന്നതെന്ന് നിർമാതാക്കൾ പറയുന്നു. 1995-ലാണ് തീപ്പെട്ടിവില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്. 2007-ലാണ് 50 പൈസയിൽനിന്ന്‌ ഒരു രൂപയാക്കിയത്. ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ച് ഇൻഡസ്ട്രീസ് അംഗങ്ങളും കോവിൽപെട്ടി, സാത്തൂർ, ഗുഡിയാത്തം, ധർമപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ നിർമാതാക്കളുടെ സംഘടനകളുമാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. പൊട്ടാസ്യം ക്ലോറേറ്റ്, റെഡ് ഫോസ്‌ഫറസ്, സൾഫർ, പൊട്ടാസ്യം ബൈക്രോമേറ്റ്, മെഴുക്, തുടങ്ങിയ ഉൾപ്പെടെ 14 പ്രധാന അസംസ്കൃത വസ്തുക്കളാണ് തീപ്പെട്ടി നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.

നോട്ടു നിരോധനം, ചരക്കു-സേവന നികുതി, കോവിഡ് വ്യാപനം തുടങ്ങിയവ നിർമാതാക്കളെ പ്രതിസന്ധിയിലാക്കി. അസംസ്കൃത വസ്തുക്കളുടെയും നിലവിലെ വില കണക്കിലെടുക്കുമ്പോൾ, ഒരു തീപ്പെട്ടി ഒരു രൂപയ്ക്ക് വിൽക്കാൻ നിവൃത്തിയില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. നഷ്ടം നികത്താനായി പല നിർമാതാക്കളും ബോക്സുകളിലെ തീപ്പെട്ടിക്കമ്പുകളുടെ എണ്ണം കുറച്ചു. പക്ഷേ, അതുകൊണ്ടും പിടിച്ചുനിൽക്കാനായില്ലെന്ന് തമിഴ്‌നാട് മാച്ച് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് പറഞ്ഞു .

1922-ലാണ് തമിഴ്‌നാട്ടിലെ ശിവകാശിയിൽ ആദ്യത്തെ തീപ്പെട്ടി ഫാക്ടറിയുണ്ടാകുന്നത്.നിലവിൽ തമിഴ്നാടാണ് രാജ്യത്തുടനീളം തീപ്പെട്ടികളുടെ പ്രധാന വിതരണക്കാർ. കയറ്റുമതിയിലും മുന്നിലാണ്. നാലു ലക്ഷത്തിലധികം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നൽകുന്ന 320 തീപ്പെട്ടിനിർമാണ യൂണിറ്റുകളും 1500-ലധികം സ്വയം തൊഴിൽ യൂണിറ്റുകളും തമിഴ്‌നാട്ടിലുണ്ട്. തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകളാണ്.