ചെന്നൈ: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായി തമിഴ് ചിത്രം ‘കൂഴാങ്കൽ’ (ഉരുളൻ കല്ലുകൾ) തിരഞ്ഞെടുക്കപ്പെട്ടു. നവാഗതനായ പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഗ്നേഷ് ശിവനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഔദ്യോഗിക എൻട്രി ലഭിച്ച വിവരം വിഗ്നേഷ് ശിവൻസാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു.

ഈവർഷമാദ്യം നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘കൂഴാങ്കൽ’ മികച്ചസിനിമയ്ക്കുള്ള ടൈഗർ പുരസ്കാരം നേടിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം റിലീസായിട്ടില്ല. മദ്യപനായ ഒരു പിതാവും മകനും തമ്മിലുള്ളബന്ധമാണ് സിനിമയുടെ പ്രമേയം. യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

മലയാളത്തിൽനിന്നുള്ള ‘നായാട്ട്’ ഉൾപ്പെടെ 14 സിനിമകളാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിക്കായുള്ള ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. പതിനഞ്ചംഗ ജൂറിയുടെ ചെയർമാൻ സംവിധായകൻ ഷാജി എൻ. കരുണായിരുന്നു. ചുരുക്കപ്പട്ടികയിൽനിന്ന് ഏകകണ്ഠേനയാണ് കൂഴാങ്കൽ തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം. 94-ാമത് ഓസ്കാർ അവാർഡുകൾ അടുത്തവർഷം മാർച്ചിലാകും പ്രഖ്യാപിക്കുന്നത്.