ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ഡൗൺ വ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കും. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് അന്തസ്സംസ്ഥാന ബസ് സർവീസുകൾ അനുവദിക്കും. സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കും. പുതിയ ഇളവുകളോടെയുള്ള ലോക്ഡൗൺ നവംബർ 15 വരെ തുടരും.

ദീപാവലി പ്രമാണിച്ചാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചത്. കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയിരുന്ന സമയപരിധി റദ്ദാക്കി. നിലവിൽ രാത്രി 11 വരെയായിരുന്നു കച്ചവട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്.

കടകൾക്ക് അനുവദിച്ച ഇളവുകൾ ഉടൻ പ്രാബല്യത്തിൽ വരും. ബാക്കിയുള്ളവ അടുത്തമാസം ഒന്നിന് നിലവിൽ വരും. ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങിയവയ്ക്കും രാഷ്ട്രീയ, മത പൊതുസമ്മേളനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. ഓഡിറ്റോറിയങ്ങളിൽ കലാ, സാംസ്കാരിക പരിപാടികൾ നടത്താം. കായിക മത്സരങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനവും നീക്കി. തിയേറ്ററുകളിൽ നിലവിൽ 50 ശതമാനം സീറ്റുകളിലായിരുന്നു കാഴ്ചക്കാർക്ക് അനുമതിയുണ്ടായിരുന്നത്.

കോവിഡ് വ്യാപനം ഉയർന്ന നിലയിൽ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്കും തിരിച്ചും ബസ് സർവീസ് നടത്താൻ അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചത്. സ്കൂളുകളിൽ ഒമ്പത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് നേരത്തേതന്നെ അനുമതി നൽകിയിരുന്നു. കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച് കച്ചവട കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നതിനാലാണ് കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്.