ന്യൂഡൽഹി: കോവിഡ് ചികിത്സയിൽ അലോപ്പതിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യോഗഗുരു ബാബാ രാംദേവ് സുപ്രീംകോടതിയിൽ. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത കേസുകളിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഐ.എം.എ.യുടെ പട്‌ന, റായ്‌പുർ ബ്രാഞ്ചുകൾ നൽകിയ കേസുകൾ ഡൽഹി കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.എം.എ.യുടെ ഛത്തീസ്ഗഢ് യൂണിറ്റ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് രാംദേവിനെതിരേ ആദ്യം കേസെടുത്തത്. ഒരുവർഷമായി സാമൂഹികമാധ്യമങ്ങളിലൂടെ രാംദേവ് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുവെന്നാണ് പരാതി. കോവിഡ് വൈറസിനെതിരേ ഡോക്ടർമാർ, സർക്കാർ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) തുടങ്ങിയവർ നിർദേശിക്കുന്ന മരുന്നുകൾക്കെതിരേ രാംദേവ് പ്രചാരണം നടത്തുന്നുവെന്ന് പരാതിയിൽ പറഞ്ഞു. തെറ്റിദ്ധാരണയുണ്ടാക്കുന്ന രാംദേവിന്റെ ഇത്തരം ഒട്ടേറെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

അലോപ്പതിക്കെതിരേ രാംദേവ് പ്രസ്താവന നടത്തുന്നതിനെ വിലക്കാനാവില്ലെന്ന് ഐ.എം.എ.യുടെ പരാതിയിൽ അടുത്തിടെ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാംദേവിന് അലോപ്പതിയിൽ വിശ്വാസമില്ല. എല്ലാരോഗങ്ങളും യോഗയും ആയുർവേദവുംകൊണ്ട് ഭേദമാക്കാമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അത് ശരിയോ തെറ്റോ ആകാം. പക്ഷേ, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.