ചെന്നൈ: തമിഴ്‌നാട്ടിൽ സ്കൂൾ വിദ്യാർഥിനിയുടെ മീടൂ ആരോപണത്തെ തുടർന്ന് ഒരു അധ്യാപകൻകൂടി അറസ്റ്റിലായി. രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂരിലുള്ള എയ്ഡഡ് സ്കൂളിലെ സയൻസ് അധ്യാപകൻ ഹബീബ് മുഹമ്മദാണ്(38) പിടിയിലായത്. വിദ്യാർഥിനിയെ തനിച്ച് വീട്ടിലേക്ക് വരാൻ ക്ഷണിക്കുന്ന ഇയാളുടെ ഫോൺ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസമായി തുടരുന്ന വിദ്യാർഥിനികളുടെ മീടൂ ആരോപണത്തിൽ സംസ്ഥാനത്ത് അറസ്റ്റിലാകുന്ന നാലാമത്തെ അധ്യാപകനാണിയാൾ.

പാഠഭാഗത്തെ സംശയങ്ങൾ ദൂരീകരിക്കാൻ എന്ന പേരിലാണ് ഹബീബ് മുഹമ്മദ് വിദ്യാർഥിനികളുടെ ഫോൺ നമ്പറുകൾ വാങ്ങിയത്. തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികചുവയുള്ള സംഭാഷണങ്ങൾ നടത്തുന്നതും പതിവാണെന്നാണ് ആരോപണം. പ്രത്യേക ക്ലാസുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞ് തന്റെ വീട്ടിലെത്താൻ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയോട് നിർദേശിക്കുന്ന സംഭാഷണമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തായത്. പല വിദ്യാർഥിനികളും ഇങ്ങനെ തന്റെ അടുത്ത് എത്താറുണ്ടെന്നും അധ്യാപകൻ സംഭാഷണത്തിൽ പറയുന്നുണ്ട്. വഴങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണം ആരംഭിച്ച പോലീസ്, അധ്യാപകൻ അയച്ച അശ്ലീല സന്ദേശങ്ങളും സംഭാഷണത്തിന്റെ ഓഡിയോയും കണ്ടെടുത്തു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

മേയ് അവസാനമാണ് സാമൂഹികമാധ്യമങ്ങൾ മുഖേന സ്കൂൾ വിദ്യാർഥിനികൾ മീടൂ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. പൂർവവിദ്യാർഥിനികൾ അടക്കമുള്ളവരുടെ ആരോപണത്തെ തുടർന്ന് ചെന്നൈ പത്മ ശേഷാദ്രി ബാലഭവൻ സ്കൂളിലെ അധ്യാപകനായ രാജഗോപാലനായിരുന്നു ആദ്യ അറസ്റ്റിലായത്. പിന്നീട് മഹർഷി വിദ്യാമന്ദിർ പ്ലസ്ടു അധ്യാപകൻ ജെ. ആനന്ദ്, മയിലാടുതുറൈ ജില്ലയിലെ ഡി.ബി.ടി.ആർ. എയ്ഡഡ് സ്കൂൾ കായികാധ്യാപകൻ എസ്. അണ്ണാദുരൈ എന്നിവരും കുടുങ്ങി. അധ്യാപകരെ കൂടാതെ കേളമ്പാക്കം സുശീൽ ഹരി സ്കൂൾ സ്ഥാപകനായ ആത്മീയഗുരു ശിവശങ്കർ ബാബയും സമാനകേസിൽ അറസ്റ്റിലായി. ബാബയെ സഹായിച്ച അധ്യാപികയും പിന്നീട് പിടിയിലായി. വിവിധ സ്കൂളുകളിൽ ജൂഡോ പരിശീലനം നടത്തിയിരുന്ന കെബിരാജ്, കായിക പരിശീലന കേന്ദ്രം നടത്തുന്ന നാഗരാജൻ എന്നിവരും വിദ്യാർഥിനികളുടെ മീടൂ ആരോപണത്തെതുടർന്ന് അറസ്റ്റിലായിരുന്നു. അഞ്ച് അധ്യാപകർ ആരോപണം നേരിടുകയാണ്.