മൈസൂരു: കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കർണാടകത്തിലെ മൈസൂരുവിലും കണ്ടെത്തി. ഇക്കാര്യം ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ സ്ഥിരീകരിച്ചു.

കർണാടകത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ ഡെൽറ്റ പ്ലസ് കേസാണിത്. പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗിക്ക് ലക്ഷണങ്ങളൊന്നുമില്ലെന്നും സമ്പർക്കപ്പട്ടികയിലുള്ളവർക്ക് വൈറസ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ വൈറസ് വകഭേദത്തെ സർക്കാർ ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരുവിൽനിന്ന് ശേഖരിച്ച സംശയകരമായ 40 സാംപിളുകൾ ഡെൽറ്റ പ്ലസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമായിട്ടില്ല. പ്രതിദിനം 1.5 മുതൽ രണ്ടുലക്ഷം വരെ കോവിഡ് പരിശോധനകളാണ് നടക്കുന്നത്.

കോവിഡിന്റെ മൂന്നാംതരംഗത്തിന് ഡെൽറ്റ പ്ലസ് വകഭേദം കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് 22 ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വകേഭദം കണ്ടെത്തിയത്.