: പെഗാസസ് ഫോൺ ചോർത്തൽ വിവാദം, കർഷകസമരം എന്നീ വിഷയങ്ങളുയർത്തി പ്രതിപക്ഷം ആഞ്ഞടിച്ചതോടെ തുടർച്ചയായ നാലാംദിവസവും ലോക്‌സഭയും രാജ്യസഭയും തടസ്സപ്പെട്ടു.

ഫോൺ ചോർത്തൽ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ തുടരുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിച്ചാണ് പ്രതിപക്ഷം വെള്ളിയാഴ്ച ലോക്‌സഭയിൽ എത്തിയത്. നാലാംദിവസവും മിനിറ്റുകൾ മാത്രം സമ്മേളിച്ചശേഷം നിർത്തിവെച്ചു.

ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നുകൊണ്ടാണ് വെള്ളിയാഴ്ച ലോക്‌സഭ ആരംഭിച്ചത്. സ്പീക്കർ ഓം ബിർളയാണ് അഭിനന്ദനസന്ദേശം അവതരിപ്പിച്ചത്. സ്പീക്കർ സന്ദേശം വായിച്ചശേഷം സഭാനടപടികളിലേക്ക് കടക്കുമ്പോൾ പ്രതിപക്ഷം ബഹളം തുടങ്ങി. ചോദ്യോത്തര വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യ മറുപടിനൽകാൻ തുടങ്ങിയപ്പോൾ ബഹളം രൂക്ഷമായി. അംഗങ്ങൾ പ്ലക്കാർഡുകളുയർത്തി നടുത്തളത്തിലിറങ്ങി ബഹളമാരംഭിച്ചു. മാസ്ക് ധരിക്കാതെ എത്തിയ അംഗങ്ങളോട്, രാജ്യത്തിന് ഇതിലൂടെ നൽകുന്ന സന്ദേശമെന്തെന്ന് സ്പീക്കർ ചോദിച്ചു. ബഹളത്തെത്തുടർന്ന് ഉച്ചയ്ക്ക് 12 വരെ സഭാനടപടികൾ നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. വ്യക്തിഗത ഡേറ്റാ സംരക്ഷണ ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്റ് സമിതി(ജെ.സി.പി.)യുടെ കാലാവധി ശീതകാല സമ്മേളനംവരെ നീട്ടി. സമിതി അധ്യക്ഷൻ പി.പി. ചൗധരി കാലാവധി നീട്ടുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ശബ്ദവോട്ടോടെ സഭ അംഗീകാരം നൽകി. അഞ്ചാം വട്ടമാണ് സമിതിയുടെ കാലാവധി നീട്ടിയത്. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തിങ്കളാഴ്ചവരെ നിർത്തിവെച്ചു.

പെഗാസസിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടർന്നതിനാൽ നാലാംദിവസവും രാജ്യസഭയിൽ നിയമനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. കോൺഗ്രസുൾപ്പെടെയുള്ള കക്ഷികൾ പെഗാസസ് വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.