ന്യൂഡൽഹി: വിമാനടിക്കറ്റിന്റെയും അത് റദ്ദാക്കുന്നതിന്റെയും നിരക്കിന് പരിധി നിശ്ചയിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തു. ആളില്ലാ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയ്ക്ക് വ്യക്തമായ നയവും പ്രത്യേക ഡയറക്ടറേറ്റുമുണ്ടാക്കണമെന്നും സമിതി നിർദേശിച്ചു.

എല്ലാ സെക്ടറുകളിലും വിമാന നിരക്കുകൾക്ക്, പ്രത്യേകിച്ച് ഇക്കോണമി ക്ലാസുകൾക്ക് ഉയർന്നപരിധി നിശ്ചയിക്കണം. വിമാന ഇന്ധനത്തിന്റെ (എ.ടി.എഫ്.) വില കാലക്രമേണ കുറഞ്ഞുവന്നിട്ടുപോലും വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

ടിക്കറ്റ് റദ്ദാക്കുമ്പോൾ വിവിധ വിമാനക്കമ്പനികൾ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. റദ്ദാക്കൽ നിരക്കിന് പരിധി നിശ്ചയിക്കുകയും ഏകീകരിക്കുകയും വേണം. ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ പകുതിയിൽ കൂടുതൽ റദ്ദാക്കലിന് ഈടാക്കരുത്. നികുതി, ഇന്ധന സർചാർജ് എന്നിവ യാത്രക്കാർക്ക് മടക്കിനൽകണം.

വിമാനങ്ങൾ അവസാനനിമിഷം റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് വിശ്രമിക്കാൻ വിമാനത്താവളങ്ങളിൽ പ്രത്യേകസ്ഥലം ഉറപ്പാക്കണം. യാത്രക്കാർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയും നൽകാൻ സംവിധാനമേർപ്പെടുത്തണം.

ആളില്ലാ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നയം രൂപവത്കരിക്കണം. ഡ്രോണുകൾക്കായി പ്രത്യേക ഡയറക്ടറേറ്റും സ്ഥാപിക്കണം. ഡ്രോണുകളുടെ അനുമതി, ഡ്രോൺ പരിശീലന സ്കൂളുകൾ, ഡ്രോൺ സർട്ടിഫിക്കേഷൻ എന്നിവ കൈകാര്യം ചെയ്യാനാണ് ഡയറക്ടറേറ്റ് സ്ഥാപിക്കേണ്ടതെന്നും സമിതി വ്യക്തമാക്കി.

രാജ്യത്തെ വ്യോമയാന കണക്ടിവിറ്റി സംബന്ധിച്ച് രാജ്യസഭാംഗം ടി.ജി. വെങ്കടേഷ് അധ്യക്ഷനായ ഗതാഗത, ടൂറിസം, സാംസ്കാരിക വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.