കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് മുകുൾ റോയിയുടെ പേരും പരിഗണനയിൽ. കൃഷ്ണനഗർ ഉത്തറിൽ നിന്നുള്ള നിയമസഭാംഗവും പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനുമാണ് റോയ് ഇപ്പോൾ.

സഭാ രേഖകളിൽ ഇപ്പോഴും ബി.ജെ.പി. അംഗമായിത്തുടരുന്ന റോയിയെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സ്പീക്കറെ സമീപിച്ചിട്ടുണ്ട്. സ്പീക്കറുടെ തീരുമാനമുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും അവർ പദ്ധതിയിടുന്നു. കോടതി പരാമർശമുണ്ടായി രാജിവെക്കേണ്ടിവന്നാൽ അത് തൃണമൂലിന് ക്ഷീണമാകും. മാത്രമല്ല, അടുത്ത അഞ്ചു വർഷക്കാലം മുഴുവൻ റോയിയെ കൂറുമാറ്റ നിരോധന നിയമത്തിൽനിന്ന് സംരക്ഷിച്ച് നിർത്തുക എളുപ്പമല്ലെന്നും പാർട്ടി കണക്കുകൂട്ടുന്നു.

രാജ്യസഭാ സീറ്റിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ബി.ജെ.പിയിൽ നിന്ന് വന്ന മറ്റൊരു പ്രമുഖ നേതാവായ യശ്വന്ത് സിൻഹയെയായിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ റോയിയുടെ പേരും സജീവ പരിഗണനയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ ശക്തി വളർത്താൻ തൃണമൂൽ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. ന്യൂഡൽഹിയിൽ മുകുൾ റോയിയുടെ സാന്നിധ്യം അതിന് സഹായകമാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.