കൊൽക്കത്ത: സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളോട് യാചിക്കുകയില്ലെന്നും സ്വാതന്ത്ര്യം പിടിച്ചുവാങ്ങുമെന്നും കരുത്തരായ ബ്രിട്ടീഷുകാരോടു പറഞ്ഞ ധീര നേതാവായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ 125-ാം ജന്മവർഷാചരണ പരിപാടികൾക്ക് കൊൽക്കത്ത വിക്ടോറിയ മെമ്മോറിയലിൽ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.
ദില്ലി ചലോ എന്ന മുദ്രാവാക്യത്തിലൂടെ സ്വാതന്ത്ര്യം നേടാൻ പ്രേരണനൽകിയ നേതാവാണ് നേതാജി. ആൻഡമാൻ ദ്വീപുകൾ മോചിപ്പിച്ച അദ്ദേഹം അഖണ്ഡഭാരതത്തിലെ ആദ്യത്തെ ഭരണാധികാരിയായിരുന്നു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയെന്ന സ്വപ്നം അദ്ദേഹം നമുക്ക് നൽകി -മോദി പറഞ്ഞു. ബാലനായ സുഭാഷ് ചന്ദ്രബോസിനെ നേതാജിയായി വളർത്തിയ ബംഗാളിന്റെ ഭൂമിയെ നമിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെ പ്രസംഗത്തിനു മുൻപായി മുഖ്യമന്ത്രി മമതാ ബാനർജിയെ പ്രസംഗത്തിനു ക്ഷണിച്ചപ്പോൾ സദസ്സിൽനിന്ന് കൂട്ടമായി ‘ജയ് ശ്രീറാം’ വിളികളുയർന്നു. ഇതിൽ കുപിതയായ മമത ‘ഇത് സർക്കാർ പരിപാടിയാണെന്നും രാഷ്ട്രീയകക്ഷിയുടെ പരിപാടിയല്ലെന്നും പറഞ്ഞു. കൊൽക്കത്തയിൽ പരിപാടി നടത്തിയതിന് പ്രധാനമന്ത്രിയോടും സാംസ്കാരിക മന്ത്രിയോടും നന്ദി അറിയിക്കുന്നു. പക്ഷേ, ക്ഷണിച്ചുവരുത്തി അപമാനിക്കരുത്. ഇതിൽ പ്രതിഷേധിച്ച് ഞാൻ പ്രസംഗിക്കുന്നില്ല’’ -മമത പറഞ്ഞു.
ഐ.എൻ.യിലെ സേനാനികളെ ചടങ്ങിൽ മോദി ഉത്തരീയം അണിയിച്ച് ആദരിച്ചു. അവരോട് രാജ്യം എന്നെന്നും കടപ്പെട്ടിരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ഓർമയ്ക്കായി സ്റ്റാമ്പ് പുറത്തിറക്കി. നേതാജിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
നേതാജിയുടെ പൈതൃക ഭവനമായ ‘നേതാജി ഭവൻ’ പ്രധാനമന്ത്രി സന്ദർശിച്ചു. നാഷണൽ ലൈബ്രറിയിൽ നേതാജിയെപ്പറ്റിയുള്ള അന്താരാഷ്ട്ര സെമിനാറിൽ സംബന്ധിച്ച അദ്ദേഹം നേതാജി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. നേതാജിയെപ്പറ്റിയുള്ള ചിത്രപ്രദർശനവും കണ്ടു.