ചെന്നൈ: തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കൊള്ള നടത്തിയ സംഭവത്തിൽ മധ്യപ്രദേശ് സ്വദേശികളായ ഒമ്പതംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ആറു പേർ കവർച്ച നടത്തിയവരും മറ്റുള്ളവർ ഇവരെ സഹായിച്ചവരുമാണ്. ദേശീയപാത വഴി ഹൈദരാബാദിൽനിന്ന് കണ്ടെയ്‌നർ ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.

25 കിലോ സ്വർണം, 96,000 രൂപ, ഏഴ് തോക്ക്, രണ്ട് കത്തി എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തു. ഹൈദരാബാദ്, സെക്കന്തരാബാദ് പോലീസ് കമ്മിഷണർമാരുടെയും തെലങ്കാന പോലീസിന്റെയും സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. വെള്ളിയാഴ്ച വൈകീട്ടോടെ കവർച്ചസംഘം കർണാടകയിലെ ആനക്കലിൽ ഉണ്ടെന്ന് മനസ്സിലാക്കി പോലീസ് അവിടെ എത്തിയപ്പോഴേക്കും പ്രതികൾ ഹൈദരാബാദിലേക്കു പുറപ്പെട്ടിരുന്നു. ഈ വിവരം തമിഴ്നാട് പോലീസ് കർണാടക, ആന്ധ്ര, തെലങ്കാന പോലീസിനു കൈമാറി. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൈദരാബാദിന് സമീപം സംഷദ്പുരത്തുവെച്ച് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ ഹൈദരാബാദിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണഗിരി ജില്ലയിൽ ഹൊസൂർ-ബംഗളൂരു റോഡിലുള്ള ബാഗലൂർ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ വെള്ളിയാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ച ആറുപേർ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. ഇടപാട് നടത്താനെന്ന വ്യാജേന അകത്തു കയറിയ സംഘം നിരീക്ഷണ ക്യാമറകളുടെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ മാറ്റിയ ശേഷം ബ്രാഞ്ച് മാനേജരെ ആക്രമിച്ചു. തുടർന്ന് ജീവനക്കാരെ പൂട്ടിയിട്ട് കവർച്ച നടത്തുകയായിരുന്നു.