ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചു സംസാരിച്ചതിന് പ്രമുഖ കന്നഡ കവി ഹമ്പ നാഗരാജയ്യയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിശദീകരണം തേടി. കവിക്കെതിരേ ആർ.എസ്.എസ്. പ്രവർത്തകനായ എം.സി. രവി നൽകിയ പരാതിയിൽ മാണ്ഡ്യ വെസ്റ്റ് പോലീസിന്റേതാണ് നടപടി.

ജനുവരി 17-ന് മാണ്ഡ്യ താലൂക്ക് സാഹിത്യസമ്മേളനത്തിൽ ഹമ്പ നാഗരാജയ്യയുടെ പ്രസംഗത്തിന്റെ പേരിലാണ് നടപടി. കർഷകരുടെ സമരത്തിൽ നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നടപടികളെ വിമർശിച്ചായിരുന്നു പ്രസംഗം. കേന്ദ്രസർക്കാരിന്റെ നിലപാടുകളെ ദുര്യോധനന്റെ ചെയ്തികളോട് ഉപമിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. നരേന്ദ്രമോദിക്കെതിരേ പ്രകോപനമായ രീതിയിൽ പ്രസംഗിച്ചെന്നും ആരോപിച്ചു. ഇതിലാണ് നാഗരാജയ്യയുടെ വിശദീകരണം പോലീസ് രേഖപ്പെടുത്തിയത്. അതേസമയം, കവിയുടെ പേരിൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

86 വയസ്സുള്ള കവിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ പോലീസിന്റെ നടപടിയിൽ ഒരു വിഭാഗം എഴുത്തുകാരുടെയിടയിൽനിന്ന് പ്രതിഷേധമുയർന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ നടപടിയാണിതെന്ന് അവർ ചൂണ്ടിക്കാട്ടി.

ഹമ്പ നാഗരാജയ്യക്കെതിരായ നടപടിയെ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ ചോദ്യം ചെയ്തു. കന്നഡ സംഘടനകൾ ഇതിനെതിരേ പ്രതികരിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.