മുംബൈ: കോവിഡിനെ തുടർന്നുള്ള അനിശ്ചിതത്വത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് വിദേശ നാണ്യ കരുതൽ ശേഖരത്തിലേക്ക് ഒരു വർഷത്തിനിടെ വാങ്ങിക്കൂട്ടിയത് 12,208 കോടി ഡോളർ. ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഏതാനും ദിവസംകൊണ്ട് 200 കോടി ഡോളർ വാങ്ങിയിട്ടുണ്ട്.

മാർച്ച്, ഏപ്രിൽ കാലയളവിൽ ഇന്ത്യയിൽനിന്ന് പുറത്തേക്ക് ഡോളർ ഒഴുക്ക് കൂടുതലായിരുന്നെങ്കിൽ മേയ് മാസത്തിനുശേഷം സ്ഥിതിതിരിച്ചായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോമിലും ജിയോ മാർട്ടിലും വൻതോതിൽ നിക്ഷേപമെത്തിയത് ഒരുതരത്തിൽ അന്ന് രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്കിന് സഹായമായിരുന്നു. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുകയും വിപണി സാധാരണ നിലയിലേക്ക് വരുകയും ചെയ്തതോടെ ഓഹരി വിപണിയിലേക്കുള്ള ഡോളർ ഒഴുക്ക് കുതിച്ചുയർന്നു.

ഒക്ടോബറിനുശേഷംമാത്രം 2000 കോടി ഡോളർ (ഏകദേശം 1,46,000 കോടി രൂപ) വിദേശ നിക്ഷേപമായി ഓഹരി വിപണിയിലെത്തിയെന്നാണ് കണക്ക്. എൻ.എസ്.ഡി.എലിന്റെ കണക്കനുസരിച്ച് ജനുവരിയിൽ മാത്രം 24,500 കോടി രൂപയുടെ നിക്ഷേപമെത്തി. വൻതോതിൽ ഡോളർ ഇന്ത്യയിലേക്കെത്തുമ്പോൾ സ്വാഭാവികമായും രൂപയുടെ മൂല്യം ഉയരേണ്ടതാണ്. പെട്ടെന്ന് രൂപയുടെ മൂല്യവർധന സംഭവിച്ചാൽ അത് വിപണിയിലെ പ്രവർത്തനങ്ങളെ ബാധിക്കും. കയറ്റുമതിക്കാർക്കും ഐ.ടി. കമ്പനികൾക്കുമെല്ലാം വലിയ നഷ്ടമുണ്ടാക്കും.

രൂപയുടെ മൂല്യം സുസ്ഥിരമായി നിലനിർത്താൻ വിദേശനാണ്യ കരുതൽ ശേഖരത്തിലേക്ക് കൂടുതൽ ഡോളർ വാങ്ങിക്കൂട്ടുകയല്ലാതെ റിസർവ് ബാങ്കിന് മറ്റുവഴികളില്ല.

2020 ജനുവരി 24 -ന് ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരം 46,215.7 കോടി ഡോളർ ആയിരുന്നു. 2021 ജനുവരി 24-നിത് 58,424.2 കോടി ഡോളറിൽ എത്തിനിൽക്കുന്നു. 12,208.5 കോടി ഡോളറിന്റെ വർധനയാണ് (ഏകദേശം 8.19 ലക്ഷം കോടി രൂപ) ഉണ്ടായത്. ഡോളർ അമിതമായി വാങ്ങുമ്പോഴും പ്രശ്നമുണ്ട്. സ്പോട്ട് മാർക്കറ്റിൽനിന്ന് വാങ്ങുന്നത് ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ പണം എത്താനിടയാക്കും. നിലവിൽ ബാങ്കിങ് വ്യവസ്ഥയിൽ 5.20 ലക്ഷം കോടി രൂപ അധികമായുണ്ട്. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം പെട്ടെന്ന് ഉയരാതിരിക്കാൻ അവധി വിപണിയിൽനിന്നുകൂടി ആർ.ബി.ഐ. ഡോളർ വാങ്ങുന്നു.

ആഗോളതലത്തിൽ പണലഭ്യത ഉയർന്നു നിൽക്കുന്നത് വിപണിയിലേക്ക് കൂടുതൽ നിക്ഷേപമെത്താൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡോളർ വാങ്ങുകയല്ലാതെ മറ്റുവഴിയില്ലെന്ന് നാനി പൽക്കിവാലയെ അനുസ്മരിച്ച് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ചുരുങ്ങിയകാലയളവിൽ വൻതോതിൽ ഡോളർ വാങ്ങിയതോടെ യു.എസ്. ട്രഷറി ഇന്ത്യയെ കറൻസിയിൽ കൃത്രിമം നടത്തുന്നവരുടെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് ഗൗരവമായി കാണുന്നില്ലെന്നും രൂപയുടെ സ്ഥിരതയാണ് പ്രധാനമെന്നും ഗവർണർ വ്യക്തമാക്കുന്നു.