ചെന്നൈ: കോവിഡ് വ്യാപനത്തെത്തുടർന്ന് രാമശ്വേരം രാമനാഥസ്വാമി ക്ഷേത്രത്തിൽ നിർത്തിവെച്ച തീർഥസ്നാനം ഫെബ്രുവരി ആദ്യവാരം പുനരാരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. കോവിഡിനെത്തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23 മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചുവെങ്കിലും ഇവിടെയുള്ള 22 തീർഥക്കുളങ്ങളിൽ കുളിക്കുന്നതിന് വിലക്ക് തുടർന്നു. അതോടെ ഭക്തരുടെവരവും ഗണ്യമായികുറഞ്ഞു. നിലവിലെസ്ഥിതി കണക്കിലെടുത്ത് ഫെബ്രുവരി ആദ്യവാരത്തിൽ തീർഥ കിണറുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.