അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ.എ.പി.)യുടെയും ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെയും (മജ്‌ലിസ് പാർട്ടി) സാന്നിധ്യമാണ് കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത്. കഴിഞ്ഞതവണ ഒപ്പമുണ്ടായിരുന്ന പട്ടേൽ സംവരണസമര സമിതി ഇത്തവണ എതിരായതും കോൺഗ്രസിനു ക്ഷീണമായി. 2010-ലെയത്രയും സീറ്റുപോലും കോൺഗ്രസിനു നേടാനായില്ല. 80 ശതമാനത്തോളം സീറ്റുമായാണ് ബി.ജെ.പി. നഗരങ്ങളിലെ കുത്തക കാത്തത്.

ആറു കോർപ്പറേഷനുകളിലുമായുള്ള 576 സീറ്റുകളിൽ 483 എണ്ണവുമായി ബി.ജെ.പി. ബഹുദൂരം മൂന്നിലാണ്. കോൺഗ്രസിന് 55 കോർപ്പറേറ്റർമാരെ മാത്രമാണ് ലഭിച്ചത്. അഹമ്മദാബാദിൽ ആകെയുള്ള 192 സീറ്റുകളിൽ 159 സീറ്റുകളും ബി.ജെ.പി. നേടി. കോൺഗ്രസിന്റെ സീറ്റുകൾ 25 ആയി കുറഞ്ഞു. ഏഴ് സീറ്റുകൾ നേടിയ മജ്‌ലിസ് പാർട്ടി മുസ്‌ലിം ന്യൂനപക്ഷ മേഖലകളിലെ കോൺഗ്രസിന്റെ കുത്തക പൊളിച്ചു.

മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമുൾപ്പെട്ട രാജ്‌കോട്ടിലേതാണ് ബി.ജെ.പി.യുടെ വലിയ വിജയം. 72 സീറ്റിൽ 68-ഉം പാർട്ടിക്ക് ലഭിച്ചപ്പോൾ കഴിഞ്ഞതവണ 34 സീറ്റ് നേടിയ കോൺഗ്രസ് നാലിൽ ഒതുങ്ങി. 120 സീറ്റുള്ള സൂറത്തിൽ വിജയം 93 സീറ്റിലേക്ക് വർധിപ്പിച്ച ബി.ജെ.പി.ക്കു തൊട്ടുപിന്നിൽ 27 സീറ്റുനേടിയ ആം ആദ്മി പാർട്ടിയാണ്. തങ്ങൾ നിർദേശിച്ചവരെ സ്ഥാനാർഥികളാക്കാത്തതിനാൽ പട്ടേൽ സംവരണ സമരസമിതി കോൺഗ്രസിനോട് പിണങ്ങി എ.എ.പി.യെ തുണയ്ക്കുകയായിരുന്നു. 2015-ലെ തിരഞ്ഞെടുപ്പിൽ സൂറത്തിലെ പട്ടേൽ മേഖലകൾ കോൺഗ്രസിനെയാണ് സഹായിച്ചത്. എന്നാൽ, ആകെ 469 സ്ഥാനാർഥികളെ മത്സരിപ്പിച്ച ഇവർക്ക് മറ്റ് കോർപ്പറേഷനുകളിൽ സീറ്റുകൾ നേടാനായില്ല. എന്നാൽ, രാജ്‌കോട്ടിൽ കോൺഗ്രസിന്റെ സീറ്റുകൾ നാലാക്കി ചുരുക്കാൻ പാർട്ടിക്കായി. രാജ്‌കോട്ടിലെ പഴയ പട്ടേൽ സമരനേതാവ് ഗോപാൽ ഇറ്റാലിയ ആണ് എ.എ.പി.യുടെ സംസ്ഥാന പ്രസിഡന്റ്. വഡോദര, ജാംനഗർ, ഭാവ്‌നഗർ കോർപ്പറേഷനുകളിലും കോർപ്പറേറ്റർമാരുടെ എണ്ണം ബി.ജെ.പി. വർധിപ്പിച്ചപ്പോൾ ജാംനഗറിൽ മാത്രമാണ് കോൺഗ്രസിന് രണ്ടക്കത്തിലെത്താനായാത്.

വികസനപ്രവർത്തനങ്ങൾക്കു പുറമെ അയോധ്യയിലെ രാമക്ഷേത്രവും മുഖ്യവിഷയമായി ഉയർത്തിയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ധനവിലക്കയറ്റമായിരുന്നു കോൺഗ്രസിന്റെ പ്രധാന വിഷയം. സൂറത്ത്, വഡോദര, ജാംനഗർ, ഭാവ്‌നഗർ കോർപ്പറേഷനുകൾ 1995 മുതലും അഹമ്മദാബാദ്, രാജ്‌കോട്ട് കോർപ്പറേഷനുകൾ 2005 മുതലും ബി.ജെ.പി.യാണു ഭരിക്കുന്നത്. ഇത്തവണ 46.1 ശതമാനം പേർ മാത്രമാണ് കോർപ്പറേഷനുകളിൽ വോട്ട് ചെയ്തത്. 2015-ൽ ഇത് 45.81 ശതമാനം മാത്രമായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം- 2015-ലെ ഫലം ബ്രാക്കറ്റിൽ

കോർപ്പറേഷൻ ബി.ജെ.പി. കോൺഗ്രസ് എ.എ.പി. മറ്റുള്ളവർ

>അഹമ്മദാബാദ് 159(143) 25(48)

0 8(1)

>സൂറത്ത് 93 (80) 00 (36) 27 (00) 00

>വഡോദര 69 (58) 07 (14) -- 0 (4)

>രാജ്കോട്ട് 68 (38) 4 (34) -- --

>ജാംനഗർ 50 (38) 11 (24) -- 3 (2)

>ഭാവ്നഗർ 44 (34) 8 (18) -- --