അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പുനടന്ന ആറു മുനിസിപ്പൽ കോർപ്പറേഷനുകളിലും കൂടുതൽ സീറ്റോടെ ബി.ജെ.പി. ഭരണം നിലനിർത്തി. എല്ലായിടത്തും സീറ്റുകുറഞ്ഞ കോൺഗ്രസിന് സൂറത്തിൽ ഒരാളെപ്പോലും വിജയിപ്പിക്കാനായില്ല. ഗുജറാത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ആം ആദ്മി പാർട്ടിയും ഒവൈസിയുടെ മജ്‌ലിസ് പാർട്ടിയും കോൺഗ്രസ് വോട്ടുകൾ ചോർത്തി. പരമാവധി പുതുമുഖങ്ങളെ പരീക്ഷിച്ചും പ്രായമേറിയവരെയും നേതാക്കളുടെ ബന്ധുക്കളെയും മാറ്റിനിർത്തിയുമാണ് ഇത്തവണ ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മുനിസിപ്പാലിറ്റികൾ, ജില്ലാപഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഫെബ്രുവരി 28-നാണ് വോട്ടെടുപ്പ്. ഇവയിൽ പഞ്ചായത്ത് മേഖലകളിൽ കോൺഗ്രസാണ് കഴിഞ്ഞതവണ മുന്നിലെത്തിയിരുന്നത്.