ന്യൂഡൽഹി: ഭരണകൂടത്തോടു വിയോജിപ്പു പ്രകടിപ്പിക്കുന്നതുകൊണ്ടു മാത്രം പൗരന്മാരെ ജയിലിൽ അടയ്ക്കാനാവില്ലെന്ന് ദിശാ രവിക്കു ജാമ്യം അനുവദിച്ച് കോടതിയുടെ നിരീക്ഷണം. ടൂൾ കിറ്റ് കേസിൽ ഡൽഹി പോലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയുടെ ഉത്തരവ്.

ആവിഷ്കാരസ്വാതന്ത്ര്യം അലംഘനീയമായ മൗലികാവകാശമാണെന്ന് ഭരണഘടനാശില്പികൾ വ്യക്തമാക്കിയിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. നിയമവിധേയമായി ആശയവിനിമയം നടത്താനുള്ള മൗലികാവകാശം പൗരനുണ്ടെന്നാണ് സുപ്രധാന നിരീക്ഷണം. നിരുപദ്രവകരമായ ഒരു ടൂൾ കിറ്റിന്റെ എഡിറ്ററാകുന്നതും വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിക്കുന്നതും കുറ്റകരമല്ല. ദിശാ രവിയുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാൻ മാത്രം തെളിവുകളൊന്നുംതന്നെ ഇതുവരെ പോലീസിന് ഹാജരാക്കാനായിട്ടില്ല -വിധിയിൽ കോടതി അഭിപ്രായപ്പെട്ടു.

മറ്റു നിരീക്ഷണങ്ങൾ

* ടൂൾ കിറ്റിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒന്നുംതന്നെയില്ല. ആഹ്വാനമനുസരിച്ച് ഇന്ത്യൻ എംബസികൾക്കു നേരെ ആക്രമണം നടന്നുവെന്നതിനുള്ള തെളിവ് ഹാജരാക്കിയിട്ടില്ല

* ഖലിസ്താൻ അനുഭാവമുള്ള പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന സംഘടനയും ടൂൾ കിറ്റും തമ്മിലുള്ള ബന്ധത്തിനു തെളിവില്ല

* തെളിവ് നശിപ്പിക്കാൻ വാട്സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്തുവെന്ന വാദത്തിന് അർഥമില്ല

* വിഘടനവാദ ആശയങ്ങളോടു യോജിച്ചുവെന്നതിനു തെളിവില്ല.

* പോലീസ് അനുമതി നൽകിയ ട്രാക്ടർ റാലിയിൽ ശന്തനു മുൽക്ക് പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് പറയാനാകില്ല. പോലീസ് ആരോപിക്കുന്ന വെബ്സൈറ്റുകളിലെ ഉള്ളടക്കം രാജ്യദ്രോഹപരമല്ല

* ആശയവിനിമയത്തിന് ഭൂമിശാസ്ത്രപരമായ അതിർത്തികളില്ല. അന്താരാഷ്ട്ര അഭിപ്രായം തേടുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗം