ന്യൂഡൽഹി: കാർഷികനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ച് ഭഗത് സിങ്ങിന്റെ കുടുംബം. ഭഗത് സിങ്ങിന്റെ മരുമക്കളായ അഭയ് സന്ധു, തേജി സന്ധു, അനുസ്‌പ്രിയ സന്ധു, ഗുർജീത് കൗർ എന്നിവർ സിംഘുവിലെ സമരവേദിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. കർഷകസമരക്കാർ ചൊവ്വാഴ്ച സംഘടിപ്പിച്ച സ്വാഭിമാനദിനാചരണത്തിൽ ഇവർ പങ്കെടുത്തു.

ഭഗത് സിങ്ങിന്റെ രക്തസാക്ഷിദിനമായ മാർച്ച് 23-നുള്ളിൽ കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരം കിടക്കുമെന്ന് അഭയ് സന്ധു പ്രഖ്യാപിച്ചു. 1906-ൽ ബ്രിട്ടീഷ് സർക്കാരിന്റെ കാർഷികനിയമങ്ങൾക്കെതിരേ ഭഗത് സിങ്ങിന്റെ അമ്മാവൻ സർദാർ അജിത് സിങ് നയിച്ച പഗഡി സംഭാൽ ജാട്ടയുടെ ഓർമയിലാണ് സംയുക്ത കിസാൻ മോർച്ച സ്വാഭിമാനദിനം സംഘടിപ്പിച്ചത്.

കർഷകസമരം ചൊവ്വാഴ്ച 90 ദിവസം പിന്നിട്ടു

കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകർ ചൊവ്വാഴ്ച തിക്രി അതിർത്തിയിലെത്തി. മഹാരാഷ്ട്രയിലെ നന്ദൂർബർ, ഹരിയാണയിലെ ഭിവാനി എന്നിവിടങ്ങളിൽ സ്വാഭിമാനദിനത്തിന്റെ ഭാഗമായി പ്രകടനങ്ങളും യോഗങ്ങളും നടന്നു.

ഇതിനിടെ, സമരക്കാർ മാറണമെന്ന് ആവശ്യപ്പെട്ട് തിക്രി അതിർത്തിയിൽ ഡൽഹി പോലീസിന്റെ പോസ്റ്ററുകൾ പതിച്ചു. എന്നാൽ, സമാധാനപരമായിട്ടാണ് തങ്ങളുടെ പ്രക്ഷോഭമെന്നും സമരമെന്നത് മൗലികാവകാശമാണെന്നും കിസാൻ മോർച്ച നേതാവ് ദർശൻ പാൽ പറഞ്ഞു. പോലീസ് പോസ്റ്ററുകളെ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.