ബെംഗളൂരു: ശിവമോഗയിൽ ആറ്ു തൊഴിലാളികളുടെ ജീവനെടുത്ത വൻ സ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറുംമുമ്പ് കർണാടകയിൽ മറ്റൊരു കരിങ്കൽ ക്വാറിയിൽ സമാനമായ ദുരന്തം. ചിക്കബെല്ലാപുരയിലെ ഹിരെനഗവേലി ഗ്രാമത്തിലെ ക്വാറിയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ജലാറ്റിൻ സ്റ്റിക്കുകൾ ലോറിയിലേക്ക് മാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് റെയ്ഡ് ഭയന്നാണ് ക്വാറിയിൽനിന്ന് ഇവ മാറ്റാൻ ശ്രമിച്ചത്. ക്വാറിയിലെ തൊഴിലാളികളായ ഗംഗാധർ ബാബു, അഭിലാഷ് നായക്, മുരളീകൃഷ്ണ, നേപ്പാൾ സ്വദേശി മഹേഷ് സിങ് ബോറ, ക്വാറിയുടെ മാനേജർ ഉമാകാന്ത്, സൂപ്പർവൈസർ രാമു എന്നിവരാണ് മരിച്ചത്. ലോറിയുടെ ഡ്രൈവർ മുഹമ്മദ് റിയാസ് അൻസാരിക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഫോടനത്തിൽ ലോറി പൂർണമായും തകർന്നുപോയി. മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസമായ രീതിയിൽ ചിതറി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉത്തരവിട്ടു. സി.ഐ.ഡി. അന്വേഷണത്തിന് നിർദേശം നൽകിയതായും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

സ്‌ഫോടനം പോലീസ് നിർത്തിവെപ്പിച്ച ക്വാറിയിൽ

ജനങ്ങളുടെ പരാതിയെത്തുടർന്ന് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ച കരിങ്കൽ ക്വാറിയിലാണ് ചൊവ്വാഴ്ച പുലർച്ചെ സ്ഫോടനമുണ്ടായത്. ഫെബ്രുവരി ഏഴിനാണ് ക്വാറിയുടെ പ്രവർത്തനം തടഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതിനെത്തുടർന്ന് ക്വാറി ഉടമയുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു.

പാറപൊട്ടിക്കാൻ ജലാറ്റിൻ സ്റ്റിക്കുകൾ അമിതമായി ഉപയോഗിച്ച് വൻ സ്ഫോടനമുണ്ടാക്കുന്നെന്നായിരുന്നു നാട്ടുകാരുടെ പരാതി. പക്ഷേ, ക്വാറിയുടെ പ്രവർത്തനം പിന്നെയും തുടർന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച വീണ്ടും പോലീസ് റെയ്ഡ് നടത്തി. പാറ പൊട്ടിക്കാനുപയോഗിക്കുന്ന കംപ്രസർ ഉൾപ്പെടെ പിടിച്ചെടുത്തു. വീണ്ടും പോലീസ് റെയ്ഡ് നടത്തുമെന്ന് ഭയന്ന് ക്വാറിയിൽ സൂക്ഷിച്ചുവെച്ച സ്ഫോടകവസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നാണ് സൂചന.

ക്വാറിയിൽ നിയമവിരുദ്ധമായി സൂക്ഷിച്ചുവെച്ച സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥലം സന്ദർശിച്ച, ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. സുധാകർ പറഞ്ഞു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം നടത്തിവരുകയാണെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 22-നാണ് ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ സ്ഫോടനമുണ്ടായത്. ജലാറ്റിൻ സ്റ്റിക്കുകളും ഡൈനാമിറ്റുകളും കയറ്റിയ ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. അനധികൃതമായി പ്രവർത്തിച്ചുവന്ന ക്വാറിയിലായിരുന്നു അന്ന് ദുരന്തമുണ്ടായത്.

പ്രധാനമന്ത്രി അനുശോചിച്ചു

ചിക്കബെല്ലാപുരയിലെ കരിങ്കൽ ക്വാറിയിൽ ആറുപേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സംഭവം വേദനിപ്പിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും കുറിച്ചു.