ബെംഗളൂരു: കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടകം വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് മുൻകരുതൽ എന്നനിലയിൽ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ് ചെയ്തതെന്നും കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ. അന്തസ്സംസ്ഥാനയാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്രത്തിന്റെ നിർദേശത്തിന് വിരുദ്ധമായാണ് കർണാടക അതിർത്തിയിൽ കേരളത്തിൽനിന്നുള്ളവരെ തടയുന്നതെന്ന് ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിനുപിന്നാലെയാണ് ട്വിറ്ററിൽ വിശദീകരണക്കുറിപ്പുമായി കർണാടകമന്ത്രിയെത്തിയത്.

ശക്തമായ പ്രതിഷേധമുണ്ടായതിനെത്തുടർന്ന് ദക്ഷിണ കന്നഡ ജില്ലയ്ക്കും കാസർകോടിനും ഇടയിലുള്ള അതിർത്തികളിൽ പരിശോധനയ്ക്ക് രണ്ടുദിവസം ഇളവുകളുണ്ടാകും. തലപ്പാടിയിൽ കർണാടക ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മറ്റ് അതിർത്തികളിൽ പരിശോധനകൾ തുടരും.