ചെന്നൈ: പുതുച്ചേരിയിൽ ഭരണം പിടിക്കാനൊരുങ്ങുന്ന ബി.ജെ.പി.യുടെ നീക്കം ഏറെ കരുതലോടെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30,000 വോട്ടർമാരുള്ള മണ്ഡലത്തിൽനിന്ന് 1500 വോട്ടുനേടിയ സംസ്ഥാന അധ്യക്ഷനും 174 വോട്ടുനേടിയ ഉപാധ്യക്ഷനുമുള്ള ബി.ജെ.പി.ക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ് പ്രധാന വെല്ലുവിളി.

മുഖ്യമന്ത്രിസ്ഥാനം മോഹിച്ചാണ് എ. നമശിവായം കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയത്. സഖ്യകക്ഷിയായ എൻ.ആർ.കോൺഗ്രസിന്റെ എൻ. രംഗസാമിയുടെ ലക്ഷ്യവും മുഖ്യമന്ത്രിപദമാണ്. വോട്ടുവിഹിതത്തിൽ മൂന്നാംസ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ.യുടെ അവകാശവാദത്തെയും അവഗണിക്കാനാകില്ല.

എൻ.ഡി.എ. സഖ്യത്തിലുള്ള പാർട്ടികളിൽ ഏറ്റവും ദുർബലർ ബി.ജെ.പി.യാണെങ്കിലും നമശിവായം അടക്കമുള്ളവരുടെ വരവോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

അതേസമയം, വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന സന്ദേശമാണ് രംഗസാമി നൽകുന്നത്. തമിഴ്‌നാട്ടിൽ സഖ്യത്തിന്റെ നേതൃത്വം എ.ഐ.എ.ഡി.എം.കെ. വഹിക്കുന്നതുപോലെ പുതുച്ചേരിയിൽ എൻ.ആർ.കോൺഗ്രസിനാണ് മേൽക്കൈ എന്ന നിലപാടിലാണ് രംഗസാമി. നാരായണസാമിസർക്കാർ വീണപ്പോൾ പ്രതിപക്ഷത്തിനുവേണ്ടി ഔദ്യോഗികമായി പ്രതികരണം നടത്തിയതും രംഗസാമിയായിരുന്നു.

2011-ലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുമത്സരിച്ച എ.ഐ.എ.ഡി.എം.കെ.യും എൻ.ആർ. കോൺഗ്രസും കഴിഞ്ഞതവണ ഒറ്റയ്ക്കുമത്സരിക്കുകയായിരുന്നു. ഇരുപാർട്ടികളും 30 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തി. ബി.ജെ.പി.യും മുഴുവൻ സീറ്റുകളിലും മത്സരിച്ചു. എൻ.ആർ.കോൺഗ്രസ് എട്ടും എ.ഐ.എ.ഡി.എം.കെ. നാലും സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി.ക്ക്‌ ഒരുസീറ്റുപോലും ലഭിച്ചില്ല. ആകെ രണ്ടരശതമാനത്തിൽ താഴെ വോട്ടുമാത്രമാണ് ബി.ജെ.പി.ക്ക്‌ കിട്ടിയത്. കോൺഗ്രസ്-ഡി.എം.കെ. സഖ്യം 17 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലെത്തി.

നമശിവായത്തിനൊപ്പം കോൺഗ്രസ് വിട്ട ദീപാഞ്ജനും ബി.ജെ.പി.യിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസിലെ ജോൺകുമാറും ബി.ജെ.പി. നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ജൂലായിൽ അയോഗ്യനാക്കപ്പെട്ട ധനവേലുവും ബി.ജെ.പി.യിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എം.എൽ.എ.മാരായിരുന്ന നാലുപേർ ബി.ജെ.പി.യിലെത്തുമ്പോൾ എം.എൽ.എ.സ്ഥാനം ഉപേക്ഷിച്ച മറ്റു രണ്ടുപേർ പോകുന്നത് എൻ.ആർ.കോൺഗ്രസിലേക്കാണ്. കോൺഗ്രസ് വിട്ട ലക്ഷ്മിനാരായണനും ഡി.എം.കെ. വിട്ട വെങ്കിടേശനുമാണ് എൻ.ആർ.കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. അതിനാൽ മുൻ എം.എൽ.എ.മാരുടെ വരവോടെ ബി.ജെ.പി. മാത്രമല്ല, എൻ.ആർ.കോൺഗ്രസും ശക്തമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ മത്സരിച്ച മൂന്നുപാർട്ടികൾക്കിടയിൽ സീറ്റുവിഭജനവും കടുകട്ടിയാകും.

സർക്കാർ രൂപവത്കരണത്തിൽ സ്വന്തം നിലപാടുണ്ടെന്ന് വ്യക്തമാക്കിയ എ.ഐ.എ.ഡി.എം.കെ. നേതാവ് അൻപഴകനും മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദേശം മുന്നോട്ടുവെച്ചേക്കും.