ന്യൂഡൽഹി: കര, വ്യോമ, നാവിക സേനകൾക്കുവേണ്ടി 13,700 കോടി രൂപയുടെ വിവിധ ആയുധ സംവിധാനങ്ങളും ഉപകരണങ്ങളും വാങ്ങാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ആഭ്യന്തരമായി വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്തവയാണ് എല്ലാം.

പ്രതിരോധ ഗവേഷണ സ്ഥാപനത്തിന് (ഡി.ആർ.ഡി.ഒ.) പുറത്തുനിന്ന് സാമഗ്രികൾ വാങ്ങാനുള്ള കരാർ രണ്ടുകൊല്ലംകൊണ്ട് പൂർത്തിയാക്കും. പുതുതായി വാങ്ങുന്ന ആയുധങ്ങളിൽ പ്രധാന ‘അർജുൻ മാർക്ക് ഒന്ന് എ’ ടാങ്കുകളാണ്. 6000 കോടി രൂപയ്ക്ക് 118 ടാങ്കുകളാണ് കരസേനയ്ക്കായി വാങ്ങുക. ഈയിടെയാണ് ഈ ടാങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. നേരത്തേ വാങ്ങിയ 124 അർജുൻ ടാങ്കുകൾ ഇതിനകം കരസേനയുടെ ഭാഗമായിക്കഴിഞ്ഞു.