ബെംഗളൂരു: ലോക് താന്ത്രിക് ജനതാദളുമായുള്ള (എൽ.ജെ.ഡി.) ലയനത്തിന് ജനതാദൾ-എസിന് (ജെ.ഡി.എസ്) പൂർണ സമ്മതമാണെന്ന് പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കോർകമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ ചർച്ചചെയ്താണ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്. ഇരുപാർട്ടികളും തമ്മിൽ ലയിക്കുന്നതിന് കാര്യമായ തടസ്സങ്ങളൊന്നും നിലവിലില്ല. നിസ്സാരമായ ചില ഭിന്നതകൾ നിലവിലുണ്ടെങ്കിലും ലയനത്തിന് അത് തടസ്സമല്ല -ദേവഗൗഡ പറഞ്ഞു. ജനതാദൾ-എസ് സംസ്ഥാനനേതാക്കളായ ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി, പാർട്ടി സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസ് എന്നിവരുമായി ബെംഗളൂരുവിലെ ജെ.പി. ഭവനിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ലയനവുമായി ബന്ധപ്പെട്ട ബാക്കികാര്യങ്ങൾ എൽ.ജെ.ഡി.യുമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തും. ജെ.ഡി.എസിന്റെ നിലപാട് സുവ്യക്തമാണ്. യാതൊരു തടസ്സവും ഇക്കാര്യത്തിലില്ല. ജെ.ഡി.എസ്. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ്. അത് ഇന്നത്തെ കാര്യം മാത്രമല്ല. 20 വർഷം മുമ്പുമുതൽ ഇടതുമുന്നണിയുടെ ഭാഗമാണ്. ബി.ജെ.പി.യുടെയോ കോൺഗ്രസിന്റെയോ കൂടെപ്പോകാൻ ജെ.ഡി.എസ്. ഉദ്ദേശിക്കുന്നില്ല. അത്തരം ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്നും ദേവഗൗഡ പറഞ്ഞു.

എൽ.ജെ.ഡി.യുമായുള്ള ലയനകാര്യവും കേരളത്തിൽ വരുന്ന നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് യോഗത്തിൽ ചർച്ചയായതെന്ന് ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പിനുമുമ്പായി ലയിക്കാനാണ് നീക്കം. എൽ.ജെ.ഡി.യുമായുള്ള ലയനത്തിന് ജെ.ഡി.എസിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് മാത്യു ടി. തോമസ് പറഞ്ഞു. കേരളത്തിലെ പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളുണ്ടെന്നത് ആരോപണങ്ങൾ മാത്രമാണ്. ദേശീയ വർക്കിങ് പ്രസിഡന്റും കർണാടക നിയമസഭാകൗൺസിൽ അംഗവുമായ ബി.എം. ഫാറൂഖിയും ചർച്ചയിൽ സംബന്ധിച്ചു.