ന്യൂഡൽഹി: ഹരിയാണയിലെ ബി.ജെ.പി.-ജെ.ജെ.പി. സർക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ്. കർഷക സമരത്തെത്തുടർന്ന് ആടിയുലയുന്ന സർക്കാരിന് അവിശ്വാസ പ്രമേയം കടുത്ത ബലപരീക്ഷണമാകും. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് അവിശ്വാസ പ്രമേയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ പറഞ്ഞു.

90 അംഗ നിയമസഭയിൽ ബി.ജെ.പി.ക്ക് 40 സീറ്റാണുള്ളത്. ദുഷ്യന്ത് ചൗട്ടാല നേതൃത്വം നൽകുന്ന ജെ.ജെ.പി.യുടെ 10 എം.എൽ.എ.മാരുടെ പിന്തുണയോടെയാണ് 2019-ൽ ബി.ജെ.പി. സർക്കാരുണ്ടാക്കിയത്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ സഖ്യം വെടിയാൻ ജെ.ജെ.പി.ക്കുമേൽ കടുത്ത സമ്മർദമുണ്ട്. ഖാപ് പഞ്ചായത്തുകൾ ഇരുപാർട്ടികൾക്കും ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ പ്രശ്നം രൂക്ഷമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകപ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്ന് കഴിഞ്ഞമാസം ജെ.ജെ.പിയിൽ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യം മുതലെടുക്കാനാണ് കോൺഗ്രസ് ശ്രമം. സർക്കാരിനെ പിന്തുണയ്ക്കുന്ന ചില സ്വതന്ത്ര എം.എൽ.എ.മാരും കാർഷികനിയമങ്ങളിൽ ഭിന്നാഭിപ്രായക്കാരാണ്. ബി.ജെ.പി. വിമത എം.എൽ.എ. ആയ സോംബിർ സിങ്‌ സാംഗ്വാൻ സർക്കാരിനുള്ള പിന്തുണ കഴിഞ്ഞമാസം പിൻവലിച്ചിരുന്നു. കർഷകപ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ഭൂപീന്ദർ ഹൂഡയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഗവർണറെ കണ്ടിരുന്നു. മാർച്ച് അഞ്ചിന് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, പ്രത്യേക സമ്മേളനം വിളിക്കാനിടയില്ല. ഈ സാഹചര്യത്തിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം.