ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതിപ്രവർത്തക ദിശാ രവിക്ക് ഡൽഹി പട്യാല കോടതി ജാമ്യം അനുവദിച്ചു. പോലീസ് സമർപ്പിച്ച അപൂർണവും അപര്യാപ്തവുമായ തെളിവുകൾ ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഇരുപത്തിരണ്ടുകാരിക്ക് ജാമ്യം നിഷേധിക്കാനുള്ള കാരണമല്ലെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ധർമേന്ദർ റാണ വ്യക്തമാക്കി.

ദിശയെ പുറത്തുവിട്ടാൽ തെളിവു നശിപ്പിക്കുമെന്ന് ഡൽഹി പോലീസ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഒരു ലക്ഷം രൂപ, തത്തുല്യമായ രണ്ട് ആൾജാമ്യം, അന്വേഷണവുമായി സഹകരിക്കണം, മുൻകൂർ അനുമതിയില്ലാതെ രാജ്യത്തിനു പുറത്തുപോവാൻ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

ജാമ്യം അനുവദിച്ചതിനു പിന്നാലെ, ദിശയെ മറ്റു പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തേ നൽകിയ മറ്റൊരു ഹർജി ചീഫ് മെട്രോപൊളിറ്റൻ കോടതി തള്ളി. ഫെബ്രുവരി 13-നു ബെംഗളൂരുവിൽ നിന്നും ഡൽഹി പോലീസിലെ സൈബർ സെൽ അറസ്റ്റുചെയ്ത ദിശ ഇതിനകം ആറുദിവസം പോലീസ് കസ്റ്റഡിയിലും രണ്ടു ദിവസം ജയിലിലും കഴിഞ്ഞു. കേസിലെ മറ്റൊരു പ്രതി ശന്തനു മുൽക്ക് നൽകിയ മുൻകൂർ ജാമ്യഹർജി പട്യാല കോടതി ബുധനാഴ്ച പരിഗണിക്കും.

കർഷകസമരത്തിന്റെ മറവിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനും അശാന്തിയുണ്ടാക്കാനുമുള്ള അന്താരാഷ്ട്രഗൂഢാലോചനയിൽ പങ്കാളിയാണ് ദിശയെന്നാണ് ഡൽഹി പോലീസിന്റെ വാദം. ഖലിസ്താൻ പ്രസ്ഥാനങ്ങളുമായി തനിക്കു ബന്ധമില്ലെന്നും സംഘർഷത്തിനു പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് ദിശയുടെ മറുപടി. റിപ്പബ്ലിക് ദിന അക്രമങ്ങളും ദിശാ രവിയെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവ് എവിടെയെന്നും ഉഹാപോഹങ്ങളും അനുമാനങ്ങളും മാത്രം വെച്ചാണോ നടപടിയെടുക്കേണ്ടതെന്നും കോടതി ശനിയാഴ്ച വാദത്തിനിടെ ഡൽഹി പോലീസിനോട് ചോദിച്ചിരുന്നു.