ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പേരിൽ കേരളത്തിൽനിന്നെത്തുന്നവർക്കു അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് തമിഴ്‌നാട്. അതിർത്തികടന്നുവരുന്നവർക്ക് പരിശോധനകൾ നടത്തുമെങ്കിലും ഇളവുകൾ തുടരും. കേരളത്തിൽനിന്നുള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധമല്ല. ആഭ്യന്തര വിമാനയാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ പരിശോധനയുണ്ടാകും. വിദേശത്തുനിന്നുള്ളവർ ആർ.ടി. പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകണം. മറ്റുരാജ്യങ്ങളിൽനിന്നെത്തുന്ന പലരും രോഗമില്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്ക് കോവിഡ് പരിശോധന നടത്തുന്നുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവർക്ക് വീടുകളിലേക്ക് പോകാമെങ്കിലും 14 ദിവസം പ്രത്യേക നിരീക്ഷണത്തിൽ കഴിയണം.

നിലവിൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് തമിഴ്‌നാട്ടിലേക്കു വരുന്നവർ ടി.എൻ. ഇ-പാസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഏഴുദിവസം സമ്പർക്കവിലക്കുണ്ട്. അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലും റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാർക്ക് തെർമൽ സ്‌കാനിങ് നടത്തും. തമിഴ്‌നാട്ടിൽ രണ്ടാഴ്ചയിലേറെയായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 500 കടന്നിട്ടില്ല. ഒരുശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.