മുംബെ: ഭീമ-കൊറേഗാവ് കേസിൽ വിചാരണ കാത്ത് കഴിയുന്ന കവി വരവരറാവുവിന് ജാമ്യം കിട്ടിയെങ്കിലും കോടതി മുന്നോട്ടുവെച്ച ഉപാധികൾ കടുത്തതായിപ്പോയെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. കനത്ത വാടകയുള്ള മുംബൈ നഗരത്തിൽ വീടെടുത്ത് അദ്ദേഹത്തെ ആറുമാസം പാർപ്പിക്കുന്നത് എളുപ്പമല്ലെന്ന് കുടുംബം പറയുന്നു.

മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 82-കാരനായ റാവുവിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മനസ്സിലാക്കിയാണ് ഹൈക്കോടതി തിങ്കളാഴ്ച അദ്ദേഹത്തിന് ആറുമാസത്തെ ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവിൽ മുംബൈ എൻ.ഐ.എ. കോടതിയുടെ അധികാര പരിധിയിൽത്തന്നെ താമസിക്കണം എന്നതാണ് പ്രധാന ഉപാധി.

അന്വേഷണവുമായും വിചാരണയുമായും സഹകരിക്കുകയും ആറുമാസത്തിനു ശേഷം കീഴടങ്ങുകയും വേണം. ജാമ്യം ലഭിച്ചെങ്കിലും റാവുവിന് ഹൈദരാബാദിലെ വീട്ടിൽപ്പോകാൻ കഴിയില്ലെന്നതാണ് കുടുംബാംഗങ്ങളെ വലയ്ക്കുന്നത്. റാവുവിന്റെ പെൺമക്കളായ സഹജയും അനലയും പവനയും കുടുംബത്തോടൊപ്പം ഹൈദരാബാദിൽ കഴിയുകയാണ്. അച്ഛനെ പരിചരിക്കുന്നതിന് ഇവർ മാറിമാറി മുംബൈയിൽ കഴിയേണ്ടവരും. കനത്ത വാടകയ്ക്ക് മുംബൈയിൽ വീടെടുക്കേണ്ടിവരും. രോഗം കുറഞ്ഞതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ താമസിപ്പിക്കാവില്ല- റാവുവിന്റെ ഭാര്യാ സഹോദരനും എഴുത്തുകാരനുമായ എൻ. വേണുഗോപാൽ പറഞ്ഞു. വരവര റാവുവും ഭാര്യയും നൽകിയ മൂന്ന് ഹർജികളിൽ വാദംകേട്ടശേഷമാണ് കോടതി തിങ്കളാഴ്ച അനുകൂലവിധി പുറപ്പെടുവിച്ചത്. കേസിനാസ്പദമായ സാഹചര്യങ്ങളുമായി ജാമ്യകാലത്ത് റാവു ബന്ധപ്പെടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജൻമനാട്ടിലേക്ക് തിരിച്ചുപോകുന്നത് അദ്ദേഹത്തെ പഴയ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തിയേക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മുംബൈയിൽത്തന്നെ താമസിക്കണമെന്ന ഉപാധി കോടതി മുന്നോട്ടുവെച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങുന്ന റാവുവിനെ സ്വീകരിക്കുന്നതിന് നിയമയുദ്ധത്തിന് നേതൃത്വംനൽകിയ ഭാര്യ ഹേമലത മുംബൈയിലെത്തിയിട്ടുണ്ട്. ഭീമ- കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനുമുന്നോടിയായി നടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ച് 2018 ഓഗസ്റ്റിലാണ് വരവര റാവുവിനെ പുണെ പോലീസ് അറസ്റ്റുചെയ്യുന്നത്. ഈ കേസിൽ അറസ്റ്റിലായ 16 മനുഷ്യാവകാശ പ്രവർത്തകരിൽ ജാമ്യം ലഭിക്കുന്ന ആദ്യത്തെയാളാണ് വരവര റാവു. ഈ കേസുമായി ബന്ധപ്പെട്ട് അമേരിക്കയിൽനിന്നുപുറത്തുവന്ന ഫൊറൻസിക് റിപ്പോർട്ട് തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് വേണുഗോപാൽ ചൂണ്ടിക്കാണിച്ചു.