മുംബൈ: അധോലോക കുറ്റവാളി രവി പൂജാരിയെ മക്കോക്ക കോടതി (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധനനിയമപ്രകാരമുള്ള കേസുകൾ വിചാരണചെയ്യുന്ന കോടതി) മാർച്ച് ഒമ്പതുവരെ മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വിലേ പാർലേയിലെ ഗജാലി റെസ്റ്റോറന്റിൽ 2016-ലുണ്ടായ വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പൂജാരിയെ പോലീസ് ചോദ്യംചെയ്യുന്നത്.

സെനഗലിൽ അറസ്റ്റിലായ രവി പൂജാരിയെ 2019 ഫെബ്രുവരിയിൽ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. തിങ്കളാഴ്ചയാണ് െബംഗളൂരുവിൽനിന്ന് മുംബൈ പോലീസിന് രവി പൂജാരിയെ വിട്ടുകിട്ടിയത്. ചൊവ്വാഴ്ച രാവിലെ മുംബൈയിലെ മക്കോക്ക കോടതിയിൽ ഹാജരാക്കി. അന്വേഷണത്തിന്റെ ഭാഗമായി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന മുംബൈ പോലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ക്രാഫോഡ് മാർക്കറ്റിലെ പോലീസ് ആസ്ഥാനത്തെ ലോക്കപ്പിലാകും പൂജാരിയെ പാർപ്പിക്കുക. മുംബൈ അധോേലാകത്തിലെ പ്രധാനികളിലൊരാളും ഛോട്ടാ രാജന്റെ അനുയായിയുമായിരുന്ന രവി പൂജാരിക്കെതിരേ മുംബൈയിൽ 49 കേസുകളുണ്ട്. അതിലൊന്നാണ് ഗജാലി റെസ്റ്റോറന്റിലെ വെടിവെപ്പ്. ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറന്റ് ഉടമയെ പേടിപ്പിക്കുന്നതിനാണ് പൂജാരിയുടെ കൂട്ടാളികൾ വെടിവെപ്പുനടത്തിയതെന്നാണ് പോലീസ് പറയുന്നത്.

അറസ്റ്റിലായ ഏഴ് സംഘാംഗങ്ങൾക്കെതിരേ ക്രൈംബ്രാഞ്ച് മക്കോക്കയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. എന്നാൽ, സംഭവത്തിന്റെ ആസൂത്രകനായ രവി പൂജാരിയെ പിടികിട്ടിയില്ല. ദീപ ബാറിലെ വെടിവെപ്പുമായി ബന്ധപ്പെട്ടും സിനിമാപ്രവർത്തകരെ വധിക്കാൻശ്രമിച്ച കേസിലും ചെമ്പൂരിലെ കെട്ടിടനിർമാതാവിനെ ആക്രമിച്ചകേസിലും രവി പൂജാരിക്കെതിരേ മുംബൈയിൽ അന്വേഷണം നടക്കുന്നുണ്ട്.

ഒരുവർഷത്തോളം നീണ്ട നിയമയുദ്ധത്തിനുശേഷമാണ് രവി പൂജാരിയെ മുംബൈ പോലീസിന് വിട്ടുകിട്ടിയത്. മുംബൈ കോടതിയുടെ വാറന്റും സെനഗൽ അധികൃതരുടെ അനുമതിയും ഹാജരാക്കിയശേഷമാണ് ശനിയാഴ്ച െബംഗളൂരുവിലെ കോടതിയിൽനിന്ന് അനുകൂലവിധി സമ്പാദിച്ചത്. മുംബൈയിലെ ജയിലിലും പുറത്തും ഒട്ടേറെ ശത്രുക്കളുള്ള രവി പൂജാരി, മുംബൈ പോലീസിന് തന്നെ കൈമാറുന്നതിനെ കോടതിയിൽ എതിർത്തിരുന്നു. എതിർസംഘങ്ങളിൽപ്പെട്ടവർ മുംബൈയിൽവെച്ച് അപായപ്പെടുത്തുമെന്നാണ് പൂജാരിയുടെ ഭയം.