മുംബൈ: തടവുകാർക്കുള്ള വസ്ത്രം ധരിക്കുന്നതിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജി പ്രത്യേക സി.ബി.ഐ. കോടതിയിൽ അപേക്ഷ നൽകി. വിചാരണത്തടവുകാരിയാണെങ്കിലും തന്നെ തടവുകാർക്കുള്ള പച്ചസാരി ധരിക്കാൻ ജയിലധികൃതർ നിർബന്ധിക്കുകയാണെന്ന് അപേക്ഷയിൽ പറയുന്നു.
മാധ്യമ വ്യവസായരംഗത്തെ പ്രമുഖയായിരുന്ന ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ഇന്ദ്രാണിയുടെ മുൻ ബന്ധത്തിലെ മകളായ ഷീന ബോറ കൊല്ലപ്പെട്ട കേസിൽ വിചാരണ കാത്തു ജയിലിൽ കഴിയുകയാണ്. തടവുകാരുടെ യൂണിഫോം ധരിക്കണമെന്ന് ജയിലധികൃതർ ആവശ്യപ്പെട്ടെങ്കിലും വിചാരണ ചെയ്ത് ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത താൻ തടവുകാരുടെ വസ്ത്രം ധരിക്കേണ്ടതില്ലെന്നാണ് 2015-ൽ അറസ്റ്റിലായ ഇന്ദ്രാണിയുടെ വാദം.
ഹർജിയിൽ അഭിപ്രായം അറിയിക്കാൻ ജയിലധികൃതരോട് സി.ബി.ഐ. കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ ജനുവരി അഞ്ചിന് വാദം തുടരും.