ന്യൂഡൽഹി: സംഘർഷമൊഴിയാത്ത കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനിക താവളങ്ങളിൽ കരസേനാ മേധാവി ജനറൽ എം.എം. നരവണെയുടെ സന്ദർശനം. ബുധനാഴ്ച രാവിലെ എട്ടരയോടെ എത്തിയ കരസേനാ മേധാവി, റച്ചിൻ ലായും ടാരയും ഉൾപ്പെടെയുള്ള ഉയർന്ന മലനിരകളിലെ സൈനിക കേന്ദ്രങ്ങളിൽ ജവാന്മാരുമായി സംവദിച്ചു.
കൊടുംതണുപ്പിലും സൈനികർ കാട്ടുന്ന ഉന്മേഷവും ഉത്സാഹവും കെടാതെ തുടരണമെന്നു പ്രചോദിപ്പിച്ച നരവണെ അവർക്ക് ക്രിസ്മസ് കേക്കും മധുരവും നൽകി. ലേ ആസ്ഥാനമായുള്ള പതിന്നാലാം കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പി.ജി.കെ. മേനോൻ സ്ഥിതിഗതികൾ വിശദീകരിച്ചുനൽകി.
പൂജ്യത്തിലും താഴെ താപനിലയുള്ള ലഡാക്കിലെ ഉയർന്ന മലനിരകളിൽ 50,000-ത്തോളം സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ചൈനയ്ക്കും ഇത്രതന്നെ സൈനികസാന്നിധ്യം ഇവിടെയുണ്ട്. പാംഗോങ്ങിനു കിഴക്കുള്ള തന്ത്രപ്രധാന മലനിരകൾ പിടിക്കാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തി മുഖ്പാരി, റെച്ചിൻ ലാ, മഗർ ഹിൽസ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 29-ന് ഇന്ത്യ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇവിടെ കമാൻഡർമാരുമായും ജവാന്മാരുമായും നരവണെ സംസാരിച്ചു. മുന്നൊരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
മേയ് ആദ്യംമുതൽ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നേർക്കുനേരാണ്. സൈനിക പിന്മാറ്റത്തിനായി എട്ടുതവണ കോർ കമാൻഡർ തലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും സ്വീകാര്യമായ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ഒമ്പതാംവട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ് ഇരുരാജ്യങ്ങളും. നയതന്ത്ര-രാഷ്ട്രീയ തലത്തിലും ചർച്ചകൾ തുടരുന്നുണ്ട്.