ചെന്നൈ: നാലാമതും പെൺകുട്ടി പിറന്നതോടെ കുഞ്ഞിനെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. അരിയലൂർ ജില്ലയിലെ ജയംകൊണ്ടത്താണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഇടനിലക്കാർ വഴി 1.80 ലക്ഷം രൂപയ്ക്ക് വിറ്റത്. ഏഴുവർഷമായി കുട്ടികളില്ലാതിരുന്ന കോയമ്പത്തൂർ സ്വദേശികളായ ദമ്പതിമാരാണ് കുട്ടിയെ വാങ്ങിയത്.

കുട്ടിയുടെ മാതാപിതാക്കളായ ശരവണൻ (34), മീന (30), ഇടനിലക്കാരായ തിരുച്ചിറപ്പള്ളി സ്വദേശി മുത്തയ്യൻ, ഈറോഡ് സ്വദേശികളായ രാജേന്ദ്രൻ, സെന്തിൽകുമാർ, കുട്ടിയെ വാങ്ങിയ ദമ്പതിമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽനിന്ന് കുഞ്ഞിനെ രക്ഷിച്ച് അരിയലൂരിലെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

ജയംകൊണ്ടം വടവീക്കം ഗ്രാമത്തിലെ ദിവസവേതനക്കാരായ മുത്തരശനും മീനയും പത്തുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ഒമ്പതും ആറും നാലും വയസ്സുള്ള മൂന്ന് പെൺമക്കളുണ്ട്. വീണ്ടും ഗർഭിണിയായ മീന മൂന്നുമാസം മുമ്പ് പെൺകുഞ്ഞിനുകൂടി ജന്മം നൽകി. നാലാമതും പെൺകുഞ്ഞായതോടെ കുട്ടിയെ എങ്ങനെ വളർത്തുമെന്ന ആശങ്കയിലായിരുന്നു ദമ്പതിമാരെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി പരിചയമില്ലാത്ത ചിലർ ദമ്പതിമാരുടെ വീട്ടിൽ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വരുന്നവർ അകന്ന ബന്ധുക്കളാണെന്നും സുഹൃത്തുക്കളാണെന്നുമാണ് ദമ്പതിമാർ പറഞ്ഞത്. കഴിഞ്ഞദിവസം മുതൽ ഇളയകുഞ്ഞിനെ വീട്ടിൽ കാണാതായി. അയൽക്കാർ ചോദിച്ചപ്പോൾ കുഞ്ഞ് ഉറങ്ങുകയാണെന്നാണ് മീന പറഞ്ഞത്. രണ്ടുദിവസം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ നാട്ടുകാർക്ക് സംശയമായി. കുഞ്ഞിനെ പണം വാങ്ങി വിൽപ്പന നടത്തിയെന്ന് പോലീസിനും രഹസ്യവിവരം ലഭിച്ചു. ശിശുക്ഷേമ സമിതി അധികൃതരുമായി പോലീസ് വടവീക്കം ഗ്രാമത്തിലെത്തിയെങ്കിലും ശരവണനും മീനയും വീടുപൂട്ടി സ്ഥലംവിട്ടു. ഒടുവിൽ ബന്ധുവീട്ടിലെത്തിയാണ് ദമ്പതിമാരെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ വളർത്താൻ സാധിക്കാത്തതിനാൽ 1.80 ലക്ഷം രൂപ വാങ്ങി വിറ്റതാണെന്ന് ഇരുവരും സമ്മതിച്ചു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂർ സ്വദേശികളായ ദമ്പതിമാരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്തത്.