ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാനങ്ങൾ അരലക്ഷം രൂപ സഹായധനം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതുവരെയുള്ള മരണങ്ങൾക്കും ഇനിയുള്ളവയ്ക്കും സഹായധനം നൽകും. ഇതുസംബന്ധിച്ച അപേക്ഷകളിൽ ജില്ലാ അധികൃതർ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനങ്ങളുടെ ദുരന്തനിവാരണനിധിയിൽനിന്നാണ് സഹായധനം നൽകുക. ജില്ലാ ഭരണകൂടമോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ വഴിയാകും സഹായവിതരണമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.45 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സഹായധനം തുടരും.

ആരോഗ്യമന്ത്രാലയത്തിന്റെ മാർഗരേഖപ്രകാരം കോവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കണം. മരിച്ചവരുടെ ബന്ധുക്കൾ സംസ്ഥാന അതോറിറ്റികൾ പുറത്തിറക്കുന്ന അപേക്ഷ പൂരിപ്പിച്ച് സഹായധനത്തിനായി അപേക്ഷനൽകണം. കോവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കൂടെ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കൽമുതൽ സഹായധനം വിതരണം ചെയ്യുന്നതുവരെയുള്ള പരിശോധനകൾ, അംഗീകാരം നൽകൽ തുടങ്ങിയ നടപടികളെല്ലാം ജനസൗഹൃദമാക്കുന്നത് ജില്ലാ അതോറിറ്റികൾ ഉറപ്പുവരുത്തണം. ആവശ്യമായ രേഖകൾ സഹിതമുള്ള എല്ലാ അപേക്ഷകളിലും 30 ദിവസത്തിനകം തീർപ്പുണ്ടാക്കണം. ആധാർ അധിഷ്ഠിതമായി നേരിട്ട് പണം കൈമാറുന്ന മാർഗത്തിലായിരിക്കും സഹായധനവിതരണം.

പരാതികളുണ്ടെങ്കിൽ ജില്ലാതല കമ്മിറ്റികൾ പരിശോധിക്കും. അഡീഷണൽ ജില്ലാ കളക്ടർ, ആരോഗ്യവിഭാഗം ചീഫ് മെഡിക്കൽ ഓഫീസർ, അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അല്ലെങ്കിൽ വകുപ്പ് മേധാവി, ആരോഗ്യ വിദഗ്ധൻ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സഹായധനത്തിനുള്ള അപേക്ഷ കമ്മിറ്റിയും തള്ളുകയാണെങ്കിൽ കാരണം രേഖപ്പെടുത്തണം.

കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് സഹായധനം നൽകുന്നത് സംബന്ധിച്ച് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ജൂണിൽ സുപ്രീംകോടതി ദേശീയ ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇപ്പോൾ മാർഗരേഖ സമർപ്പിച്ചത്.