ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷ വിദ്യാർഥികളിൽ മാതൃഭാഷയ്ക്കെതിരായ മനോനില വളർത്തുന്നുവെന്ന് മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽഹാസൻ. തമിഴ്‌നാട്ടിലെ നീറ്റ് പരീക്ഷയുടെ പ്രത്യാഘാതം പഠിച്ച ജസ്റ്റിസ് എ.കെ. രാജൻ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം.

നീറ്റ് പ്രാബല്യത്തിൽ വന്നതിനുശേഷം തമിഴ് മാധ്യമത്തിൽ ഹയർസെക്കൻഡറി പഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് കമൽ പറഞ്ഞു. മാതൃഭാഷയിലുള്ള പഠനത്തിന് ലോകം പ്രോത്സാഹനം നൽകുമ്പോൾ നീറ്റ് പരീക്ഷ മാതൃഭാഷയിലുള്ള പഠനത്തിനെതിരായ മനോനില വളർത്തുന്നു. നീറ്റ് വന്നതിനുശേഷം സി.ബി.എസ്.ഇ. യിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ച വിദ്യാർഥികളാണ് കൂടുതൽ എം.ബി.ബി.എസ്. സീറ്റും നേടുന്നത്. നീറ്റ് പാസായി മെഡിക്കൽ സീറ്റ് കരസ്ഥമാക്കുന്ന 90 ശതമാനംപേരും സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ഈ വാണിജ്യലക്ഷ്യമാണ് നീറ്റ് പരീക്ഷയ്ക്ക് പിന്നിലുള്ളതെന്ന് തുടക്കംമുതൽ പറയുന്നതാണ്. പുറത്തുവന്ന കണക്കുകൾ ഇത് ശരിവെക്കുന്നു. നഗരങ്ങളിലെ പണക്കാർക്ക് മാത്രം മെഡിക്കൽ പഠനത്തിന് അവസരം നൽകുന്ന പരീക്ഷയെ ഇന്ത്യയിൽനിന്ന് തുരത്തണമെന്നും കമൽ പറഞ്ഞു.

റിപ്പോർട്ട് തയ്യാറാക്കിയ എകെ. രാജൻ സമിതിക്ക് അഭിനന്ദനമറിയിച്ച കമൽ സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സമിതി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.