ബെംഗളൂരു: കൊപ്പാളിൽ ദളിത് വിഭാഗത്തിൽപ്പെട്ട രണ്ടുവയസ്സുകാരൻ ക്ഷേത്രത്തിൽ കയറിയതിന് 23,000 രൂപ പിഴചുമത്തിയ സംഭവത്തിൽ ക്ഷേത്രഭാരവാഹികളായ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. സാമൂഹിക ക്ഷേമവകുപ്പ് അസി.ഡയറക്ടർ ബാലചന്ദ്ര സൻഗലിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് കൊപ്പാൾ എസ്.പി. ടി. ശ്രീധർ പറഞ്ഞു. പോലീസും താലൂക്ക് അധികൃതരും പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് വിവിധ സംഘടനകൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ഈമാസം നാലിനാണ് മിയപുര ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ കുട്ടി രക്ഷിതാക്കൾക്കൊപ്പം പ്രാർഥിക്കാനെത്തിയത്. മാതാപിതാക്കൾ ക്ഷേത്രത്തിനുപുറത്ത് പ്രാർഥിക്കുമ്പോൾ കുട്ടി അകത്തുകയറി പ്രാർഥിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ക്ഷേത്രഭാരവാഹികൾ ക്ഷേത്രം അശുദ്ധമായെന്ന് പ്രചരിപ്പിക്കുകയും ശുദ്ധികലശത്തിന് 23,000 രൂപ രക്ഷിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തിങ്കളാഴ്ചയാണ് പോലീസ് പ്രശ്നത്തിൽ ഇടപെട്ടത്.

ഇതോടെ പിഴ ഈടാക്കാനുള്ള തീരുമാനം ക്ഷേത്രഭാരവാഹികൾ പിൻവലിച്ചു. എന്നാൽ കുട്ടിയുടെ കുടുംബം പരാതി നൽകാൻ വിസമ്മതിച്ചതുകൊണ്ട് കേസെടുത്തില്ലെന്നായിരുന്നു പോലീസിന്റെ വാദം. പോലീസ് നിലപാട് വിവാദങ്ങൾക്ക് വഴിവെച്ചതിനെത്തുടർന്നാണ് സാമൂഹിക ക്ഷേമവകുപ്പ് അസി.ഡയറക്ടർ പരാതി നൽകിയത്. അതേസമയം ജാതി വിവേചനത്തിനെതിരെ സാമൂഹിക ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമത്തിൽ ബോധവത്കരണവും സമൂഹ പ്രാർഥനയും നടന്നു.