ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ.) പ്രവേശന പരീക്ഷയിൽ വനിതകളെ ഉൾപ്പെടുത്തുന്നത് അടുത്തവർഷത്തേക്ക്‌ നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.

ഈവർഷത്തെ പരീക്ഷയിൽത്തന്നെ പ്രവേശനം നൽകാമെന്ന് പെൺകുട്ടികൾക്ക് പ്രതീക്ഷ നൽകിയെന്നും അതിനാൽ ഇതുസംബന്ധിച്ച ഉത്തരവിൽ മാറ്റം വരുത്തില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഈവർഷം നവംബറിൽ നടക്കേണ്ട എൻ.ഡി.എ. പ്രവേശനപരീക്ഷയിൽ വനിതകളെയും പങ്കെടുപ്പിക്കേണ്ടിവരും.

വനിതകൾക്ക് എൻ.ഡി.എ. പ്രവേശന പരീക്ഷയ്ക്കുള്ള വിജ്ഞാപനം അടുത്തവർഷം മേയിൽ ഇറക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. അങ്ങനെവരുമ്പോൾ 2023-ൽ മാത്രമേ എൻ.ഡി.എ.യിൽ വനിതാപ്രവേശനം നടപ്പാകൂവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വനിതാപ്രവേശനം ഒരുവർഷം കൂടി നീട്ടിവെക്കാനാവില്ലെന്നും അടിയന്തരമായി കാര്യങ്ങൾ നടപ്പാക്കാൻ സായുധസേനകൾ സജ്ജമാണെന്നും ബെഞ്ച് പറഞ്ഞു.

ഇതുസംബന്ധിച്ച ഹർജി ഇപ്പോൾ തീർപ്പാക്കുന്നില്ലെന്നും കേസ് അടുത്തവർഷം ജനുവരിയിലേക്ക് വെക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ആവശ്യമെങ്കിൽ അപ്പോൾ പുതിയ നിർദേശങ്ങളിറക്കും.

എൻ.ഡി.എ.യിൽ വനിതകൾക്കുള്ള പാഠ്യ, പരിശീലനപദ്ധതി തയ്യാറാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചതായി സർക്കാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കായികക്ഷമതാ പരിശീലനത്തിലും ഫയറിങ് ഉൾപ്പെടെ സർവീസ് വിഷയങ്ങളിലും എന്തെങ്കിലും ഇളവു വരുത്തുന്നത് സൈന്യത്തിന്റെ യുദ്ധശേഷിയെത്തന്നെ ബാധിക്കും. അതിനാൽ വനിതകൾക്കുവേണ്ടിയും അതെല്ലാം തയ്യാറാക്കണം. വനിതകൾക്കായി പ്രത്യേക താമസ സൗകര്യം, സ്വകാര്യത സംരക്ഷിക്കുന്ന ശുചിമുറികൾ എന്നിവയും ആവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം ചൂണ്ടിക്കാട്ടി.

എൻ.ഡി.എ. പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായ വനിതകൾക്ക് സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നു. സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണ് എന്നുകാട്ടി അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലാണ് നടപടി.