മുംബൈ: അഞ്ചുകിലോയോളം തൂക്കംവരുന്ന ഹെറോയിനുമായി വിദേശവനിതയും മകളും മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. ഞായറാഴ്ച കാലത്താണ് ഇരുവരും എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാകുന്നത്. വൈകിയാണ് വിവരം പുറത്തുവിട്ടത്. വിപണിയിൽ ഏകദേശം 25 കോടി രൂപ വിലയുള്ളതാണ് ഹെറോയിൻ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ ട്രോളി ബാഗിന്റെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.

ജൊഹാനസ്ബർഗിൽനിന്ന് പുറപ്പെട്ട ഇവർ ദോഹ വഴിയാണ് ഇന്ത്യയിലേക്ക് വന്നത്. അർബുദ ചികിത്സയ്ക്കായി മുംബൈയിലേക്ക് വന്നതാണെന്നാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കോടതി ഇരുവരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സാധാരണനിലയിൽ രണ്ട് കിലോയിൽ കുറവ് തൂക്കമുള്ള വസ്തുക്കൾ മാത്രമേഒരാൾ കടത്താൻ ശ്രമിക്കാറുള്ളൂയെന്നും അഞ്ചുകിലോയോളം തൂക്കംവരുന്ന ഹെറോയിൻ കടത്തിയസംഭവം അപൂർവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവർക്കും 5000 ഡോളർ (ഏകദേശം 3.70ലക്ഷം രൂപ) വീതമാണ് ഓരോ തവണ ഹെറോയിൻ കടത്തുമ്പോഴും വാഗ്ദാനം ചെയ്തിരുന്നത്.