ന്യൂഡൽഹി: സി.ബി.ഐ. അന്വേഷണത്തിന് അനുമതിനൽകില്ലെന്ന് പൊതുവായ ഉത്തരവിറക്കാനോ നേരത്തേ നൽകിയ അനുമതി പിൻവലിക്കാനോ സംസ്ഥാനങ്ങൾക്ക് പൂർണാധികാരമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ.

ഓരോ കേസും വെവ്വേറെ പരിശോധിച്ച് വിശാലമായ പൊതുതാത്പര്യം നോക്കിയാകണം തീരുമാനം. ഏതെങ്കിലും പ്രതിയെ സംരക്ഷിക്കാനോ രാഷ്ട്രീയതാത്പര്യം നോക്കിയോ സി.ബി.ഐ. അന്വേഷണാനുമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കരുതെന്നും സർക്കാർ വ്യക്തമാക്കി.

പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘർഷത്തിലെ കുറ്റകൃത്യങ്ങളിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിലാണ് കേന്ദ്രം മറുപടി ഫയൽചെയ്തത്. നിയമപ്രകാരം സംസ്ഥാനസർക്കാർ നൽകേണ്ട സമ്മതമില്ലാതെയാണ് സി.ബി.ഐ. കേസ് രജിസ്റ്റർചെയ്യുന്നതെന്ന് ഹർജിയിൽ ആരോപിച്ചു. അതിനാൽ സി.ബി.ഐ. അന്വേഷണത്തിന് സ്റ്റേവേണമെന്നും ബംഗാൾ സർക്കാർ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ വിഷയങ്ങൾ അന്വേഷിക്കാൻ സി.ബി.ഐ.ക്ക് നൽകിയ അനുമതി മൊത്തത്തിൽ പിൻവലിക്കുന്നത് ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ ആറാംവകുപ്പിന്റെ ലംഘനമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സി.ബി.ഐ. അന്വേഷണത്തിന് സമ്മതം നൽകാനുള്ള സംസ്ഥാനത്തിന്റെ അധികാരം, അനുമതിനൽകില്ലെന്ന പൊതു ഉത്തരവിറക്കാനോ നേരത്തേ നൽകിയ അനുമതികൾ പിൻവലിക്കാനോ ഉള്ള പരിപൂർണ അധികാരമല്ല. ഓരോ കേസും വെവ്വേറെ പരിശോധിച്ച് കാരണങ്ങൾ രേഖപ്പെടുത്തിക്കൊണ്ടാകണം അനുമതി സംബന്ധിച്ച തീരുമാനമെടുക്കുന്നത്.

സി.ബി.ഐ.യുടെ അന്വേഷണാധികാരം മൊത്തത്തിൽ പിൻവലിക്കാനാകുമെന്ന ബംഗാൾ സർക്കാരിന്റെ അവകാശവാദത്തിന് അടിസ്ഥാനമില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സി.ബി.ഐ. അന്വേഷണാനുമതി പിൻവലിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരിപൂർണമല്ല.

സി.ബി.ഐ.യുടെ സ്വയംഭരണാധികാരം നിയമപരമായി നിലനിൽക്കുന്നതാണ്. കേന്ദ്രസർക്കാരിനുപോലും അവരുടെ അന്വേഷണത്തിൽ ഇടപെടാനാവില്ല. ബംഗാളിൽ കേന്ദ്രസർക്കാർ ഒരു കേസും രജിസ്റ്റർചെയ്തിട്ടില്ല. അന്വേഷണവും നടത്തുന്നില്ല. അതിനാൽ കേന്ദ്രം രജിസ്റ്റർചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രം പറഞ്ഞു.